കണ്ണൂര്‍: മാഹിയില്‍ സി.പി.ഐ.എം നേതാവ് വെട്ടേറ്റ് മരിച്ചതിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും അക്രമത്തിലേക്ക്. ന്യൂമാഹിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവറായ ഷിമോജിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മാഹി പള്ളൂരിലെ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിം അംഗവും മാഹി മുന്‍ കൗണ്‍സിലറായിരുന്ന കണ്ണിപ്പോയില്‍ ബാബുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഷിമോജിന് വെട്ടേറ്റത്.
മാഹി പള്ളൂരില്‍ വച്ചാണ് ബാബുവിനെ ഒരു സംഘം വെട്ടിയത്. രാത്രി വീട്ടിലേക്ക് പോവും വഴി പതിയിരുന്ന ആക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.
രാഷ്ട്രീയ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സമാധാനം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസിന്റെ കൊലക്കത്തി താഴെ വെക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകത്തിലൂടെ തെളിയുന്നതെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റ് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ചൊവ്വാഴ്ച സി.പി.ഐ.എം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
