പണ്ട് ഇതുപോലെ ജ്യൂസ് കുടിച്ച് പടമായതാ... മോഹിനിയാട്ടത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ റോഷാക്ക് റഫറന്‍സ്
Malayalam Cinema
പണ്ട് ഇതുപോലെ ജ്യൂസ് കുടിച്ച് പടമായതാ... മോഹിനിയാട്ടത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ റോഷാക്ക് റഫറന്‍സ്
അമര്‍നാഥ് എം.
Sunday, 10th May 2026, 3:38 pm

പോപ് കള്‍ച്ചര്‍, സിനിമാ റഫറന്‍സുകളും ഡാര്‍ക്ക് ഹ്യൂമറിന്റെ അതിഗംഭീരമായ അവതരണം കൊണ്ടും മോളിവുഡിലെ ബെഞ്ച്മാര്‍ക്കായി മാറിയ ചിത്രമാണ് മോഹിനിയാട്ടം. തിയേറ്ററിലെ അതേ സ്വീകാര്യതയാണ് ഒ.ടി.ടിയിലെത്തിയതിന് ശേഷവും ചിത്രത്തിന് ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്ന് സംശയമില്ലാതെ മോഹിനിയാട്ടത്തെ വിശേഷിപ്പിക്കാം.

ആദ്യ ഭാഗം ഫീല്‍ ഗുഡായിരുന്നെങ്കില്‍ രണ്ടാം ഭാഗം ഡാര്‍ക്ക് കോമഡിയുടെ പീക്ക് മേക്കിങ്ങാണ്. ഒരു തുള്ളി ചോര പൊടിയുന്നതുപോലും കാണിക്കാതെ വലിയൊരു വയലന്‍സിനെ കോമഡിയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആദ്യഭാഗത്തിലുണ്ടായിരുന്നവര്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും കൂടി ഇത്തവണ രംഗപ്രേവശം ചെയ്തിട്ടുണ്ട്.

മോഹിനിയാട്ടം Photo: Netflix

ഹിറ്റ് സിനിമകളിലെ റഫറന്‍സുകള്‍ പല സീനുകളിലും ഉപയോഗിച്ചിട്ടുണ്ട്. ചിലത് ആദ്യം കാണുമ്പോള്‍ തന്നെ മനസിലാകുമ്പോള്‍ മറ്റ് ചിലത് ഒ.ടി.ടി റിലീസിന് ശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്. അത്തരത്തിലൊന്നാണ് റോഷാക്കിലെ റഫറന്‍സ്. ജഗദീഷ് അവതരിപ്പിച്ച ഈപ്പന്‍ എന്ന കഥാപാത്രത്തെ സുഭാഷിന്റെ വീട്ടിലെത്തിക്കുന്ന സീനിലാണ് റോഷാക്കിലെ റഫറന്‍സ് ഉപയോഗിച്ചത്.

ഈപ്പന് കുടിക്കാന്‍ ജ്യൂസുമായി സരസ്വതിയമ്മ തട്ടുംപുറത്തേക്ക് വരുന്നുണ്ട്. ഗ്ലാസിലേക്ക് കൈനീട്ടുന്ന ഈപ്പന്‍ ഒരുനിമിഷം ആലോചിച്ച ശേഷം ജ്യൂസ് വേണ്ടെന്ന് പറയുകയാണ്. പെട്ടെന്ന് കാണുമ്പോള്‍ സാധാരണ സീന്‍ പോലെ തോന്നുമെങ്കിലും റോഷാക്കുമായിട്ട് ഈ സീന്‍ കണക്ട് ചെയ്തുവെച്ചിരിക്കുകയാണ്. റോഷാക്കില്‍ ജഗദീഷ് അവതരിപ്പിച്ച അഷ്‌റഫ് എന്ന കഥാപാത്രം ബിന്ദു പണിക്കരുടെ വീട്ടിലേക്ക് പോകുന്ന സീനുണ്ട്.

റോഷാക്ക് Photo: Jio Hotstar

അവരെക്കുറിച്ചുള്ള രഹസ്യം തനിക്ക് അറിയാമെന്ന് അഷ്‌റഫ് പറയുമ്പോള്‍ വീട്ടുകാര്‍ ടെന്‍ഷനിലാവുകയാണ്. അഷ്‌റഫിനെ ഇല്ലാതാക്കാന്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രം നാരങ്ങാവെള്ളത്തില്‍ വിഷം കലര്‍ത്തി അഷ്‌റഫിനെ കൊല്ലുന്നതായാണ് റോഷാക്കില്‍ കാണിച്ചിരിക്കുന്നത്. ഈയൊരു റഫറന്‍സ് അതിഗംഭീരമായിട്ട് തന്നെ മോഹിനിയാട്ടത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

പൊലീസ് ചോദ്യം ചെയ്യുന്ന സമയത്ത് ഈപ്പന്‍ ഗോപനോട് ‘ഞാന്‍ ഫിറ്റ്‌സ് വന്നതുപോലെ അഭിനയിക്കട്ടെ’ എന്ന് ചോദിക്കുന്ന രംഗമുണ്ട്. ദൃശ്യം 2ല്‍ പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ അന്‍സിബയുടെ കഥാപാത്രം ഇത്തരത്തില്‍ പെര്‍ഫോം ചെയ്തതിനെയാണ് ഈ സീനില്‍ സംവിധായകന്‍ ഉദ്ദേശിച്ചത്. തിയേറ്ററിലും ഒ.ടി.ടിയിലും ഈ സീനിന് മികച്ച പ്രതികരണമാണ്.

ഒരുപാട് സിനിമകളുടെ റഫറന്‍സ് ആവോളം ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതൊന്നും കല്ലുകടിയാകാതെ അവതരിപ്പിച്ചിടത്താണ് മോഹിനിയാട്ടം വിജയിച്ചത്. ഈയടുത്ത് വന്‍ ബജറ്റില്‍ കൊട്ടിഘോഷിച്ചുവന്ന ഒരു ബിഗ് ബജറ്റ് മലയാള സിനിമ പരാജയമായതും ഈ കണക്ഷന്‍ ഇല്ലാതായതുകൊണ്ടാണ്.

Content Highlight: Rorschach movie reference in Mohiniyattam movie discussing after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം