ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. പരമ്പരക്ക് സെപ്റ്റംബര്‍ 27നാണ് തുടക്കമാവുന്നത്. ആദ്യ മത്സരം കേരളത്തിലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
മത്സരത്തില്‍ ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയിലായിരിക്കും. ഈ പരമ്പരയില്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ഇതിനായി രോഹിത്തിന് വേണ്ടത് ഒരേയൊരു സെഞ്ച്വറി മാത്രമാണ്.
ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി 39ാം വയസില്‍ ഇന്ത്യന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറാനുള്ള അവസരമാണ് മുന്‍ ഇന്ത്യന്‍ നായകനുള്ളത്. ഇതുവരെ ഒരു താരത്തിനും കൈവരിക്കാന്‍ സാധിക്കാത്ത ചരിത്രത്തിന്റെ അരികിലാണ് രോഹിത്. മിന്നും ഫോമിലുള്ള രോഹിത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ രോഹിത് ഇന്ത്യക്കായി കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന അവസാന ഏകദിനത്തില്‍ രോഹിത് സെഞ്ച്വറി നേടിയാണ് ഫോമിലേക്ക് തിരിച്ചെത്തിയത്. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്‌സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

രോഹിത് ശര്‍മ
ലോര്‍ഡ്‌സില്‍ നടന്ന ഏകദിന മത്സരത്തിന് മുന്നോടിയായി രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഈ സമയത്താണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നതെന്നതും.
2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകള്‍ രോഹിത്തിന് നിര്‍ണായകമാകും.
അതേസമയം 2027 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന മത്സരങ്ങള്‍ ഇന്ത്യക്ക് തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കാനുള്ള വലിയ അവസരമാണ് നല്‍കുന്നത്. ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകപ്പ്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.
Content Highlight: Rohit Sharma Need One Century To Create Great Record For India
