വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ബാറ്റിങ് തുടരുകയാണ്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 406 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും കരുത്തില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരിക്കുകയാണ്.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതിന്റെ സകല നിരാശയും ഗുവാഹത്തിയില്‍ തീര്‍ക്കുന്ന ഹിറ്റ്മാനായിരുന്നു മത്സരത്തില പ്രധാന കാഴ്ച. സ്ഥിരം ശൈലിയില്‍ ബാറ്റ് വീശുന്ന രോഹിത് ഇതിനോടകം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മത്സരത്തില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഒരു നേട്ടവും രോഹിത്തിനെ തേടിയെത്തി. ഏകദിനത്തില്‍ 12,000 റണ്‍സെന്ന കരിയര്‍ മൈല്‍സ്‌റ്റോണ്‍ മറികടന്ന് കുതിക്കുകയാണ് രോഹിത്. ഈ റെക്കോഡിലെത്തുന്ന ഏഴാം താരവും മൂന്നാം ഇന്ത്യന്‍ താരവുമാണ് രോഹിത്.

തന്റെ കരിയറിലെ 282ാം ഇന്നിങ്‌സിലാണ് രോഹിത് 12,000 റണ്‍സടിച്ചത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ രണ്ടാം സ്ഥാനത്ത് ഇടം പിടിക്കാനും രോഹിത്തിന് സാധിച്ചു.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് – ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍

(താരം – ടീം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 242

രോഹിത് ശര്‍മ – ഇന്ത്യ – 282*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 300

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 314

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 336

സനത് ജയസൂര്യ – ശ്രീലങ്ക – 379

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 399

കരിയറിലെ ഓരോ പ്രധാന നാഴികക്കല്ലുകള്‍ മറികടക്കുമ്പോഴും രോഹിത് സ്വയം മെച്ചപ്പെടുത്തിക്കൊണ്ടേയിരുന്നു. 1000, 2000, 3000 റണ്‍സ് മാര്‍ക് പിന്നിടുമ്പോള്‍ ആദ്യ 150ല്‍ പോലുമില്ലാതിരുന്ന താരം പിന്നീട് മുന്നേറുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ റണ്‍സ് നേട്ടങ്ങള്‍ – വേഗത്തില്‍ നാഴികക്കല്ലുകള്‍ പിന്നിട്ട താരങ്ങളുടെ പട്ടികയില്‍,

1,000 റണ്‍സ് – ആദ്യ 150 പേരില്‍ ഇടമില്ല

2,000 റണ്‍സ് – ആദ്യ 125 പേരില്‍ ഇടമില്ല

3,000 റണ്‍സ് – ആദ്യ 100 പേരില്‍ ഇടമില്ല

4,000 റണ്‍സ് – ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തിയവരില്‍ 63ാം സ്ഥാനം

5,000 റണ്‍സ് – 36ാം സ്ഥാനം

6,000 റണ്‍സ് – 19ാം സ്ഥാനം

7,000 റണ്‍സ് – 8ാം സ്ഥാനം

8,000 റണ്‍സ് – 4ാം സ്ഥാനം

9,000 റണ്‍സ് – 3ാം സ്ഥാനം

10,000 റണ്‍സ് – 2ാം സ്ഥാനം

11,000 റണ്‍സ് – 2ാം സ്ഥാനം

12,000 റണ്‍സ് – 2ാം സ്ഥാനം*

അതേസമയം, മത്സരത്തില്‍ സെഞ്ച്വറി ലക്ഷ്യമാക്കി കുതിക്കുകയാണ് ഹിറ്റ്മാന്‍.

21 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 199 എന്ന നിലയിലാണ് ഇന്ത്യ. 63 പന്തില്‍ 84 റണ്‍സുമായി രോഹിത്തും 66 പന്തില്‍ 106 റണ്‍സുമായി ശുഭ്മന്‍ ഗില്ലും ക്രീസില്‍ തുടരുകയാണ്.

 

Content  highlight: Rohit Sharma completes 12,000 runs in ODI