ഇത്ര ചെറിയ പ്രായത്തില്‍ തന്നെ അവന്‍ ഉയരങ്ങള്‍ കീഴടക്കി: റിവാള്‍ഡോ
Football
ഇത്ര ചെറിയ പ്രായത്തില്‍ തന്നെ അവന്‍ ഉയരങ്ങള്‍ കീഴടക്കി: റിവാള്‍ഡോ
സുദേവ് എ
Monday, 17th August 2026, 9:33 pm

ലോക ഫുട്ബോളിലെ മികച്ച യുവ താരമാണ് ലാമിന്‍ യമാല്‍. ബാഴ്സലോണയ്ക്കും സ്പെയിനിനും വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് ഒരുപാട് മുന്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ബ്രസീലിയന്‍ ഇതിഹാസമായ റിവാള്‍ഡോയും യാമലിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിട്ടുണ്ട്.

യമാല്‍ ഇത്ര ചെറുപ്രായത്തില്‍ തന്നെ ഫുട്ബോളിലെ ഉയരങ്ങള്‍ കീഴടക്കിയെന്നാണ് റിവാള്‍ഡോ പറഞ്ഞത്. ഡയറിയോ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രസീലിയന്‍ ഇതിഹാസം യമാലിനെക്കുറിച്ച് പറഞ്ഞിരുന്നത്.

‘യമാല്‍ ഒരു മികച്ച താരമാണ്. ഈ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹത്തിന് വലിയ ഒരു പേഴ്സണാലിറ്റി ഉണ്ട്. അതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇപ്പോള്‍ തന്നെ വളരെ ഉയരത്തിലെത്താന്‍ അവന് കഴിഞ്ഞിട്ടുണ്ട്. എംബാപ്പെ, വിനീഷ്യസ് എന്നിവരുടെ അതേ ലെവലില്‍ എത്താനും അവന് സാധിച്ചു. ഇനിയും അദ്ദേഹത്തിന് ഒരുപാട് ദൂരം മുന്നോട്ടു പോവാന്‍ കഴിയും. അവന്‍ ഫുട്ബോള്‍ വളരെ ആസ്വദിച്ചാണ് കളിക്കുന്നത്. തീര്‍ച്ചയായും അവന് വലിയ ഭാവിയുണ്ട്,’ റിവാള്‍ഡോ പറഞ്ഞു.

ഇതിനോടകം തന്നെ സ്പാനിഷ് ടീമിനൊപ്പം ലോകകപ്പും യൂറോ കപ്പും യമാല്‍ സ്വന്തമാക്കിയിട്ടുണ്ട്. യുവേഫ യൂറോകപ്പും ലോകകപ്പും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും യമാല്‍ തന്നെയാണ്.

19 വയസുള്ളപ്പോഴാണ് യമാലിന്റെ നേട്ടം. 2024ലായിരുന്നു സ്പാനിഷ് പടക്കൊപ്പം യൂറോ കപ്പ് വിജയിച്ചത്. ഇംഗ്ലണ്ടിനെ വീഴ്ത്തിയായിരുന്നു സ്‌പെയ്ന്‍ കിരീടം നേടിയത്. ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകകപ്പും നേടിയതോടെയാണ് യമാലിന്റെ പേരില്‍ പുത്തന്‍ നേട്ടം കുറിക്കപ്പെട്ടത്.

മുന്‍ സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗാസിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് യമാല്‍ ഒന്നാമനായത്. 2008 യൂറോകപ്പ്, 2010 ലോകകപ്പ് ടൂര്‍ണമെന്റുകള്‍ വിജയിച്ച സ്‌പെയ്ന്‍ ടീമിലെ അംഗമായിരുന്നു ഫാബ്രിഗാസ്.

23 വയസും 58 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഫാബ്രിഗാസിന്റെ നേട്ടം. ഇതിന് പുറമെ 21ാം നൂറ്റാണ്ടില്‍ ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും യമാല്‍ മാറി. ഫ്രഞ്ച് നായകന്‍ എംബാപ്പെയെ മറികടന്നാണ് യമാലിന്റെ കുതിപ്പ്.

അതേസമയം നിലവില്‍ പുതിയ സീസണില്‍ ബാഴ്‌സലോണക്കൊപ്പമുള്ള പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് യമാല്‍.

ഓഗസ്റ്റ് 20നാണ് കറ്റാലന്മാര്‍ ലീഗിലെ ആദ്യ മത്സരത്തിറങ്ങുന്നത്. എല്‍ച്ചെയാണ് ടീമിന്റെ എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് തവണ ലാ ലിഗ കിരീടം സ്വന്തമാക്കിയ ബാഴ്സലോണ ഇത്തവണ ഹാട്രിക് കിരീടമായിരിക്കും ലക്ഷ്യം വെക്കുക.

 

Content highlight: Rivaldo talking about Lamine Yamal skill

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.