യുവേഫ നേഷൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മുന്നേറുകയാണ് ലോക ചാമ്പ്യന്മാരായ സ്പെയ്ൻ. ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് സ്‌പെയ്ൻ ടൂർണമെന്റിലെ രണ്ടാം വിജയം സ്വന്തമാക്കിയത്.

ആദ്യ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയ സ്പെയ്ൻ ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിലും ആധിപത്യം തുടരുകയായിരുന്നു. ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തിയെത്തിയ ക്രൊയേഷ്യക്ക് ലോക ചാമ്പ്യന്മാർക്ക് മുന്നിൽ കാലിടറുകയായിരുന്നു.

യുവതാരം ലാമിൻ യമാലിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് സ്പാനിഷ് പട ജയിച്ചുകയറിയത്. മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ യമാൽ ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ കിക്ക് ഓഫ് വിസിൽ മുഴങ്ങി 70 സെക്കൻഡുകൾക്കുള്ളിൽ യമാൽ പന്ത് ക്രൊയേഷ്യയുടെ വലയിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയും താരം രണ്ടാം മിനിട്ടിൽ ലക്ഷ്യം കണ്ടിരുന്നു. ഇംഗ്ലണ്ടിനെതിരെ 104ാം സെക്കന്റിലായിരുന്നു യമാലിന്റെ ഗോൾ നേട്ടം.

ഇതോടെ സ്പാനിഷ് ഫുട്ബോളിന്റെ 106 വർഷത്തെ ചരിത്രത്തിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ആദ്യത്തെ രണ്ട് മിനിട്ടിൽ ഗോൾ നേടുന്ന ആദ്യ താരമായും യമാൽ മാറി. ലോക ഫുട്ബോളിലെ പല ഇതിഹാസ താരങ്ങളും പന്തുതട്ടിയ സ്പെയ്നിൽ ആർക്കും നേടാനാവാത്ത നേട്ടമാണ് യമാൽ തന്റെ പേരിലാക്കി മാറ്റിയത്.

മത്സരത്തിൽ യമാലിന് പുറമെ മാർക്ക് പബിൽ, നിക്കോ വില്യംസ് എന്നിവരുടെ ഗോളുകളും സ്പെയിനിന് വമ്പൻ വിജയം സമ്മാനിക്കുന്നതിൽ നിർണായകമായി. ഡിഡി ബെൽജോയാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

ഈ തകർപ്പൻ വിജയത്തോടെ യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നിലവിലെ ലോക ചാമ്പ്യന്മാർ. ഒക്ടോബർ നാലിന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് സ്പെയ്നിന്റെ അടുത്ത മത്സരം.

 

Content Highlight: Lamine Yamal create a new history for Spain football team