ഒരു കഥാപാത്രം സ്‌ക്രീനിലെത്തുമ്പോള്‍ തന്നെ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുകയും, പിന്നീട് വരുന്ന ഓരോ സീനിലും ആ ചിരിയുടെ ആക്കം കൂട്ടുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

പ്രേമലുവിലെ വില്ലനായ ആദി എങ്ങനെയാണ് പ്രേക്ഷകന് ഒരു കോമഡി പീസായത് ഏതാണ്ട് അതിന് സമാനമാണ് ബെത്‌ലഹേമിലെ ഹരി എന്ന ശ്യാമിന്റെ കഥാപാത്രവും.

മലയാള സിനിമയില്‍ ഇനിയുമേറെ തനിക്ക് ചെയ്യാനുണ്ടെന്ന് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ഹരിയെന്ന കഥാപാത്രമായുള്ള പെര്‍ഫോമന്‍സിലൂടെ ശ്യാം മോഹന്‍ തെളിയിക്കുന്നുണ്ട്.

‘പ്രേമലു’വിലെ ആദി ചിത്രത്തിലുടനീളം പ്രേക്ഷകരെ ചിരിപ്പിക്കുന്ന വില്ലനായിരുന്നു. ആദിയുടെ മാനറിസങ്ങളും സംഭാഷണങ്ങളും പെരുമാറ്റവുമെല്ലാം സിനിമയുടെ കോമഡി ട്രാക്കില്‍ നിര്‍ണായകമായിരുന്നു. അതുകൊണ്ടുതന്നെ ഹരി എന്ന കഥാപാത്രത്തിലേക്ക് എത്തിയപ്പോള്‍ ആദിയോളം പെര്‍ഫോമന്‍സ് സ്പേസ് ശ്യാം മോഹന് ലഭിക്കുമോയെന്ന സംശയം പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.

എന്നാല്‍ ക്ലൈമാക്സിലെത്തിയപ്പോള്‍ ആ കണക്കുകൂട്ടലുകളെല്ലാം മാറ്റിമറിക്കുന്ന പ്രകടനമായിരുന്നു ശ്യാം മോഹന്റേത്.

ക്ലൈമാക്സില്‍ പടക്കവുമായി ഹരി എത്തുന്ന രംഗം തന്നെ തിയേറ്ററില്‍ വലിയ ചിരിയുണ്ടാക്കിയ സീനുകളിലൊന്നായിരുന്നു. എന്നാല്‍ അതിനേക്കാള്‍ പ്രേക്ഷകരെ ഞെട്ടിച്ചത് ജസ്റ്റിന്റെ അടി കിട്ടി വീണതിന് ശേഷമുള്ള ഹരിയുടെ പ്രകടനമാണ്.

അടികിട്ടി നിലത്തുവീണ ഹരി അവിടെ നിന്ന് പറന്നെഴുന്നേറ്റ് ഇരിക്കുന്ന ആ നിമിഷം മുതല്‍ സീന്‍ മറ്റൊരു തലത്തിലേക്ക് പോകുകയാണ്. അതിന് പിന്നാലെ ആഷ്‌ലിയുടെ അമ്മാവനായ അലക്‌സ് എന് കഥാപാത്രത്തെയും വെറുതെ വിടുന്നില്ല ഹരി.

അലക്‌സിന് രണ്ടെണ്ണം കിട്ടണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സമയത്ത് തന്നെയാണ്, തനിക്ക് യാതൊരു ബന്ധവുമില്ലാത്ത ആ കഥാപാത്രത്തെയും ഹരി അടിച്ച് മൂലയിലാക്കുന്നത്.

ഈ മുഴുവന്‍ സീനിലും ശ്യാം മോഹന്റെ ബോഡി ലാംഗ്വേജും ടൈമിങ്ങും തന്നെയാണ് ചിരിയുടെ പ്രധാന കാരണം. ഒരു ഘട്ടത്തില്‍ പോലും കഥാപാത്രം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയാത്ത തരത്തിലാണ് ഹരിയുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ ക്ലൈമാക്സിലെ ഹരിയുടെ ഓരോ നീക്കവും തിയേറ്ററില്‍ കൂട്ടച്ചിരിക്ക് വഴിയൊരുക്കിയിരുന്നു.

കിണറ്റില്‍ വീണ ശേഷം ബോധം തിരിച്ചുകിട്ടിയതുപോലെയെന്നോണം ഹരി പറയുന്ന, ‘ഒരു കയറിട്ട് തരുമോ.. നാളെ കൂടല്‍മാണിക്യത്തില്‍ ഒരു പരിപാടിയുണ്ടായിരുന്നേ’ എന്ന ഡയലോഗാണ് പെര്‍ഫോമന്‍സിലെ ഏറ്റവും രസകരമായ മറ്റൊരു ഭാഗം. ഇത്രയും നേരം നടന്ന ബഹളങ്ങള്‍ക്കൊടുവില്‍ അടുത്ത ദിവസം തനിക്ക് പോകേണ്ട പരിപാടിയെക്കുറിച്ച് ഓര്‍ത്ത് കയര്‍ ചോദിക്കുന്ന ഹരിയുടെ ആ ‘നിഷ്‌കളങ്കത’ തന്നെയാണ് സീനിനെ കൂടുതല്‍ രസകരമാക്കുന്നത്.

വളരെ കുറഞ്ഞ സീനുകളില്‍ മാത്രം എത്തുന്ന ഹരി ഷോ സ്റ്റീലറായി എളുപ്പം മാറുന്നുണ്ട്. ഹരിയുടെ സഹോദരിയേയും കൊണ്ട് ജസ്റ്റിനും ജോയലും കടന്നുകളയുന്നത് തടയാനായി കാറിന്റെ മുന്‍പില്‍ വന്ന് കിടക്കുന്ന രംഗത്തെ ശ്യാമിന്റെ പെര്‍ഫോമന്‍സിനും കയ്യടിക്കാതെ തരമില്ല.

പ്രേമലുവിലെ ആദിയിലൂടെ ലഭിച്ച ജനപ്രീതിക്ക് പിന്നാലെ ഹരിയിലും തന്റേതായ ഒരു കോമഡി സ്പേസ് കണ്ടെത്താന്‍ ശ്യാം മോഹന് കഴിഞ്ഞുവെന്ന് നിസ്സംശയം പറയാം.

Content Highlight:  Shyam Mohan steals the show in Bethlehem Kudumba Unit