ഒന്നും അവസാനിച്ചിട്ടില്ല...നെയ്മര്‍ ബ്രസീലിനായി കളിക്കും; വമ്പന്‍ അപ്ഡേറ്റ് ഇങ്ങെത്തി
Football
ഒന്നും അവസാനിച്ചിട്ടില്ല...നെയ്മര്‍ ബ്രസീലിനായി കളിക്കും; വമ്പന്‍ അപ്ഡേറ്റ് ഇങ്ങെത്തി
സുദേവ് എ
Thursday, 30th July 2026, 2:17 pm

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2026 ഫിഫ ലോകകപ്പ് തോല്‍വിക്ക് പിന്നാലെയായിരുന്നു നെയ്മറുടെ പ്രഖ്യാപനം. ആരാധകരെയെല്ലാം നിരാശരാക്കികൊണ്ട് കഴിഞ്ഞ ദിവസം നെയ്മര്‍ വീണ്ടും തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമായെന്ന് ഫുട്‌ബോള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു.

ഇപ്പോള്‍ നെയ്മറുടെ ഭാവിയെ സംബന്ധിച്ചുള്ള ഒരു വമ്പന്‍ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. നെയ്മറിന് ഒരു മികച്ച വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആലോചന നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബ്രസീലിയന്‍ ഫുട്‌ബോളിനായി അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ച നെയ്മറിന് അര്‍ഹതപ്പെട്ട ഒരു ഫെയര്‍വെല്‍ പോരാട്ടം നടത്താന്‍ മാനേജ്മന്റ് ആഗ്രഹിക്കുന്നുവെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നെയ്മറുടെ അവസാന മത്സരം എന്നാകുമെന്ന കാര്യത്തില്‍ ഇതുവരെ ധാരണ വന്നിട്ടില്ല.

2026 ഫിഫ ലോകകപ്പില്‍ ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ വരെയാണ് മുന്നേറാന്‍ സാധിച്ചത്. നോര്‍വേയോട് പരാജയപ്പെട്ടാണ് ബ്രസീല്‍ ആറാം ലോക കിരീടമെന്ന സ്വപ്നം അവസാനിപ്പിച്ചുകൊണ്ട് മടങ്ങിയത്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിനെതിരെ നോര്‍വേ വിജയിച്ചുകയറിയത്.

ഈ മത്സരത്തില്‍ നെയ്മറായിരുന്നു ബ്രസീലിന് വേണ്ടി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നെയ്മര്‍ ഗോളാക്കി മാറ്റുകയായിരുന്നു.

അതേസമയം ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ നെയ്മര്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. സാന്റോസിന് വേണ്ടി ഇരട്ട ഗോള്‍ നേടിയാണ് നെയ്മര്‍ തിരിച്ചുവരവ് ആഘോഷമാക്കിയത്. ബ്രസീലിയന്‍ സീരി എ-യില്‍ ചാപെകോണ്‍സക്കെതിരെയാണ് താരം ഇരട്ട ഗോള്‍ നേടി തിളങ്ങിയത്.

മത്സരം 2-2 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയും ചെയ്തു. മത്സരത്തിന്റെ 39, 89 മിനിട്ടുകളിലാണ് നെയ്മറുടെ ഗോളുകള്‍ പിറന്നത്. രണ്ടാം ഗോള്‍ പെനാല്‍റ്റിയിലൂടെയായിരുന്നു താരം നേടിയത്.

ലോകകപ്പിന് ശേഷം കോപ്പ സുഡാനമേരിക്കയില്‍ സാന്റോസിനായി കളിക്കാതിരുന്ന നെയ്മര്‍, പോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ നെയ്മറിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

യൂണിവേഴ്സിഡാഡ് സെന്‍ട്രലിനെതിരെയുള്ള ആദ്യ പാദ മത്സരത്തിലായിരുന്നു നെയ്മര്‍ വിട്ടുനിന്നത്. ഈ സമയത്തായിരുന്നു സാവോ പോളയില്‍ നടന്ന ബി.എസ്.ഒ.പി വിന്റര്‍ പോക്കര്‍ ടൂര്‍ണമെന്റില്‍ നെയ്മര്‍ കളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

ഇതിന് പിന്നാലെയാണ് നെയ്മര്‍ വലിയ വിമര്‍ശനം നേരിട്ടത്. എന്നാല്‍ സാന്റോസിനായി ഇരട്ട ഗോള്‍ നേടി വിമര്‍ശകര്‍ക്ക് മറുപടി നല്‍ക്കുകയായിരുന്നു നെയ്മര്‍.

 

Content Highlight: Report says Neymar will play a farewell match for Brazil

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.