39ാം വയസില്‍ ദേശീയ ടീമിലേക്ക്; വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാനൊരുങ്ങി ബാഴ്‌സ ഇതിഹാസം
Football
39ാം വയസില്‍ ദേശീയ ടീമിലേക്ക്; വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാനൊരുങ്ങി ബാഴ്‌സ ഇതിഹാസം
സുദേവ് എ
Sunday, 23rd August 2026, 9:59 am

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇന്റര്‍നാഷണല്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരാന്‍ സൂപ്പര്‍താരം ലൂയി സുവാരസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടീമിന്റെ പുതിയ പരിശീലകനായ ഡീഗോ ഫോര്‍ലാന്‍ സുവാരസിനെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

വരാനിരിക്കുന്ന സെപ്റ്റംബറിലെ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ താരത്തെ ഉറുഗ്വായ് ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇഡ്മാന്‍ ബിസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് വര്‍ഷം മുമ്പായിരുന്നു സുവാരസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2007ലാണ് സുവാരസ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. 142 ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ നിന്നും 69 തവണയാണ് സുവാരസ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

നാഷണല്‍ ടീമിന് വേണ്ടി നാല് ലോകകപ്പുകളിലും സുവാരസ് പന്ത് തട്ടിയിരുന്നു. 2010, 2014, 2018, 2022 ലോകകപ്പുകളിലാണ് താരം ഉറുഗ്വേയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയത്.

വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ദേശീയ ടീം ആവശ്യപ്പെട്ടാല്‍ വീണ്ടും ഉറുഗ്വേക്കെയായി കളിക്കാന്‍ താന്‍ തയ്യാറാണെന്ന് സുവാരസ് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ 2026 ഫിഫ ലോകകപ്പിനുള്ള ഉറുഗ്വേ ടീമില്‍ സുവാരസിന് ഇടം നേടാന്‍ സാധിച്ചില്ല.

മാഴ്‌സലോ ബീല്‍സയുടെ കീഴില്‍ നിരാശപ്പെടുത്തിയ പ്രകടനമാണ് മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വേ നടത്തിയത്. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാവാതെ ഉറുഗ്വേ പുറത്തായിരുന്നു. ഇതോടെയാണ് ബീല്‍സയുടെ പകരക്കാരനായി ഫോര്‍ലാന്‍ ടീമിന്റെ പരിശീലക്കുപ്പായമണിഞ്ഞത്.

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കൊപ്പം പ്രായം തളര്‍ത്താത്ത പോര്‍ട്ടവീര്യം നടത്തുന്ന സുവാരസിനെ തിരിച്ചുവിളിച്ചുകൊണ്ട് ഉറുഗ്വേയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സുവാരസ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ സീസണില്‍ ഇതിനോടകം തന്നെ മയാമിക്ക് താരം 16 മത്സരങ്ങളില്‍ നിന്നും 13 ഗോള്‍ സംഭാവനകള്‍ നല്‍കിയാണ് താരം കുതിക്കുന്നത്. ഇപ്പോള്‍ ഈ മിന്നും ഫോമില്‍ വിരമിക്കല്‍ പിന്‍വലിച്ചുകൊണ്ട് ഫോര്‍ലാന്റെ കീഴില്‍ ശക്തമായ തിരിച്ചുവരവായിരിക്കും താരം ലക്ഷ്യം വെക്കുക.

ഇന്റര്‍ മയാമിയില്‍ മാത്രമല്ല ബാഴ്സലോണ, ലിവര്‍പൂള്‍, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകള്‍ക്കൊപ്പം ഐതിഹാസികമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം കൂടിയാണ് സുവാരസ്. രണ്ട് തവണ ഗോള്‍ഡന്‍ ബൂട്ട് നേടിയ സുവാരസ് മൂന്ന് തവണ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടി.

ബാഴ്സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് വേള്‍ഡ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍ ഓരോ തവണ സ്വന്തമാക്കിയ താരം ലാ ലീഗ കിരീടവും സ്പാനിഷ് കപ്പും നാല് തവണയും സ്പാനിഷ് സൂപ്പര്‍ കപ്പ് രണ്ട് തവണയും സ്വന്തമാക്കി. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പവും സുവാരസ് സ്പെയ്നിന്റെ ചാമ്പ്യനായി.

ലിവര്‍പൂളിനായി ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ സുവാരസ് അയാക്സ് ആംസ്റ്റര്‍ഡാമിനായി ഡച്ച് കപ്പും എറഡിവൈസി കിരീടവും നേടി. ഉറുഗ്വേ ക്ലബ്ബായ എല്‍ നാഷണലിനൊപ്പം മൂന്ന് ലീഗ് കിരീടവും താരം സ്വന്തമാക്കിയിരുന്നു.

 

Content Highlight: Report says Luis Suarez is preparing to return to international football after withdrawing his retirement decision

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.