ബാഴ്‌സയിലെ അടുത്ത മെസിയാവാന്‍ യമാല്‍; വമ്പന്‍ നീക്കം അണിയറയില്‍ ഒരുങ്ങുന്നു
Football
ബാഴ്‌സയിലെ അടുത്ത മെസിയാവാന്‍ യമാല്‍; വമ്പന്‍ നീക്കം അണിയറയില്‍ ഒരുങ്ങുന്നു
സുദേവ് എ
Monday, 17th August 2026, 3:11 pm

ബാഴ്സലോണയില്‍ സ്പാനിഷ് യുവതാരം ലാമിന്‍ യമാലിനെ പുതിയ റോളില്‍ അവതരിപ്പിക്കാനൊരുങ്ങി പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്. ഈ സീസണില്‍ ബാഴ്സലോണയില്‍ ലയണല്‍ മെസി കളിച്ച അതേ റോളില്‍ തന്നെ യമാലിനെ പരീക്ഷിക്കാനാണ് ഫ്‌ലിക്കിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

ഈ സീസണില്‍ ബാഴ്‌സയില്‍ വേണ്ടത്ര ഫോര്‍വേഡുകള്‍ ഇല്ലാത്തതിനാലാണ് യമാലിനെ ഫ്‌ലിക്ക് ടീമിന്റെ കേന്ദ്ര ബിന്ദുവായി കളിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഗോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ഫെറാന്‍ ടോറസുമടക്കമുള്ള സ്ട്രൈക്കര്‍മാര്‍ മറ്റ് ക്ലബ്ബുകളിലേക്ക് കൂടുമാറിയതാണ് ഫ്‌ലിക്കിനെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുന്നത്. പോളിഷ് സ്ട്രൈക്കര്‍ എം.എല്‍.എസ് ക്ലബ്ബ് ചിക്കാഗോ ഫയറിലേക്ക് ചേക്കേറിയപ്പോള്‍ ടോറസ് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നിലേക്കും കൂടുമാറി.

ലെവന്‍ഡോസ്‌കി ഫ്രീ ട്രാന്‍സ്ഫറിലാണ് അമേരിക്കയിലേക്ക് കൂടുമാറിയത്. മറുഭാഗത്ത് സ്പാനിഷ് താരം 50 മില്യണ്‍ യൂറോക്കാണ് നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരുടെ തട്ടകത്തിലേക്കെത്തുന്നത്.

ഈ സാഹചര്യത്തില്‍ മെസി ബാഴ്‌സയില്‍ കളിച്ചിരുന്നത് പോലെ മധ്യനിരയിലും സ്വാധീനമുണ്ടാക്കാന്‍ യമാലിന് സാധിക്കുമെന്നാണ് ഫ്‌ലിക് വിശ്വസിക്കുന്നത്. ഈ നീക്കം യമാലിന് ബാഴ്‌സയില്‍ അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ പാത പിന്തുടരുന്നതിന് സഹായകമാവും.

ഫ്‌ലിക്കിന്റെ ഈ നീക്കം യമാലിനെ മെസിയെ പോലെ ബാഴ്‌സയുടെ ഇതിഹാസമാക്കുന്നതില്‍ നിര്‍ണായകമാക്കുമെന്നാണ് ഫുട്‌ബോള്‍ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

ബാഴ്‌സലോണയില്‍ കളിച്ചാണ് മെസി ലോക ഫുട്ബോളില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. 2004 ഒക്ടോബര്‍ 16ന് എസ്പാനിയോളിനെതിരായ മത്സരത്തിലാണ് മെസി ബാഴ്സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ബാഴ്സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്.

672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്. ബാഴ്സക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചു. 10 ലാലിഗ കിരീടങ്ങള്‍, രണ്ട് കോപ്പ കിരീടങ്ങള്‍, ഏഴ് കോപ്പ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളാണ് താരം ബാഴ്സയ്ക്കൊപ്പം നേടിയത്.

 

2021ലാണ് മെസി 21 വര്‍ഷത്തെ തന്റെ ബാഴ്സയിലെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. മെസിയുടെ കരാര്‍ അവസാനിക്കുമ്പോള്‍ ബാഴ്‌സയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മെസിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞില്ല.

ബാഴ്സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയില്‍ നിന്നും 2023ല്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിയിലേക്കും താരം കൂടുമാറി.

അതേസമയം പുതിയ ലാ ലിഗ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 20നാണ് കറ്റാലന്മാര്‍ ലീഗിലെ ആദ്യ മത്സരത്തിറങ്ങുന്നത്. എല്‍ച്ചെയാണ് ടീമിന്റെ എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് തവണ ലാ ലിഗ കിരീടം സ്വന്തമാക്കിയ ബാഴ്‌സലോണ ഇത്തവണ ഹാട്രിക് കിരീടമായിരിക്കും ലക്ഷ്യം വെക്കുക.

 

Content Highlight: Report says Lamine Yamal will play Lionel Messi role in Barcelona new season

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.