ടെഹ്‌റാന്‍: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഹിജാബ് വലിച്ചൂരുന്നതായി കാണിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ നടിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

ഹെന്‍ഗമേ ഗാസിയാനി (Hengameh Ghaziani) എന്ന നടിയെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളെ ഇബ്രാഹിം റഈസി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിനെ നിരന്തരം വിമര്‍ശിക്കുന്നയാള്‍ കൂടിയാണ് ഗാസിയാനി.

‘കലാപങ്ങള്‍ക്കും’ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും പിന്തുണ നല്‍കിയെന്നും പ്രതിപക്ഷ മാധ്യമങ്ങളുമായി ബന്ധപ്പെട്ടെന്നും ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNAയെ ഉദ്ധരിച്ചുകൊണ്ട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മറ്റൊരു നടിയായ കതയൂന്‍ റിയാഹിയെയും (Katayoun Riahi) സമാനമായ രീതിയില്‍ ‘ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു’ എന്നാരോപിച്ച് അറസ്റ്റ് ചെയ്തതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇരുവരെയും ഞായറാഴ്ച അറസ്റ്റ് ചെയ്തതെന്ന് IRNA റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഗാസിയാനിയും റിയാഹിയും ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.