ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമിനെതിരെയുള്ള സൗഹൃദ മത്സരത്തിന് പുറമെ മറ്റൊരു ടീമിനെതിരെയും മത്സരം സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യ. 2026 ഫിഫ ലോകകപ്പില്‍ മികച്ച പോരാട്ട വീര്യം നടത്തിയ ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമായ കേപ് വെര്‍ദെക്കെതിരെ മത്സരം സംഘടിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ബോറിയ മജൂംദാറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേപ് വെര്‍ദെക്ക് പുറമെ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ഉറുഗ്വായും പരിഗണയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രസീലിന് പുറമെ ലോകഫുട്‌ബോളിന്റെ വിശ്വവേദിയില്‍ പന്തുതട്ടിയ വമ്പന്‍ ടീമുകളും ഇന്ത്യന്‍ മണ്ണിലെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
2026 ലോകകപ്പ് സ്വന്തമാക്കിയ സ്‌പെയ്‌നിനെയടക്കം വിറപ്പിച്ച ടീമാണ് കേപ് വെര്‍ദെ. ചാമ്പ്യന്മാരായ സ്പെയ്ന്‍ ടൂര്‍ണമെന്റില്‍ ഏക സമനില വഴങ്ങാലിയത് വെര്‍ദെയോടായിരുന്നു. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ വെര്‍ദെ ഗ്രൂപ്പ് റൗണ്ട് ഓഫ് 32 വരെയാണ് മുന്നേറിയത്. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദെ അടുത്ത റൗണ്ടിലേക്ക് കിടന്നിരുന്നത്.
വമ്പന്മാരായ ഉറുഗ്വേയെയും സ്‌പെയ്‌നിനെയും സൗദി അറേബ്യയെയുമാണ് വെര്‍ദെ സമനിലയിലാക്കിയിരുന്നത്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വീതം ഗോളുകള്‍ നേടിയാണ് വെര്‍ദെ ഉറുഗ്വേയെ വിറപ്പിച്ചത്. സ്പെയ്നിനെയും ഗോള്‍ രഹിത സമനിലയിലാണ് കേപ് വെര്‍ദെ തളച്ചത്.
വെര്‍ദെയുടെ ഗോള്‍ മുഖത്ത് വോസിന്‍ഹയെന്ന 40കാരന്റെ മിന്നും പ്രകടനമാണ് വെര്‍ദെക്ക് തങ്ങളുടെ ആദ്യ ലോകകപ്പ് പോയിന്റ് നേടിക്കൊടുത്തത്. ഇതേ പോരാട്ടവീര്യം ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ സൗദിക്കെതിരെയും നടത്തിയാണ് ആഫ്രിക്കന്‍ ടീം റൗണ്ട് ഓഫ് 32ലേക്ക് കുതിച്ചത്. റൗണ്ട് ഓഫ് 32ല്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ വിറപ്പിച്ച് ആരധകരുടെ ഹൃദയം കീഴടക്കിയാണ് വെര്‍ദെ മടങ്ങിയത്.
വെറും ആറ് ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള കേപ് വെര്‍ദെ തങ്ങളുടെ അരങ്ങേറ്റ ലോകകപ്പില്‍ തന്നെ വിജയത്തോളം പോന്ന മൂന്ന് സമനിലകള്‍ നേടി അത്ഭുതങ്ങള്‍ സൃഷ്ടിച്ച കുഞ്ഞന്‍ രാജ്യം ഇന്ത്യയിലെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം ഓഗസ്റ്റ് മൂന്നിനായിരിക്കും ബ്രസീല്‍ ടീം കൊല്‍ക്കത്തയില്‍ പന്തുതട്ടുക. ബ്രസീലിന്റെ വരവ് ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകരിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ഫുട്‌ബോളിലെ ഈറ്റില്ലമായ കൊല്‍ക്കത്തയില്‍ ഇതിന് മുമ്പും ബ്രസീലിയന്‍ ഫുട്‌ബോളിന്റെ കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. 1977ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതിഹാസ താരം പെലെ കളത്തിലിറങ്ങിയിട്ടുണ്ട്.
ന്യൂയോര്‍ക്ക് കോസ്മോസിന് വേണ്ടി മോഹന്‍ബഗാനെതിരെയായിരുന്നു പെലെ കൊല്‍ക്കത്തയുടെ മണ്ണില്‍ പന്തുതട്ടിയിരുന്നത്. ഇപ്പോള്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാനറിപ്പട കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ പന്തുതട്ടുമ്പോള്‍ ഒരു ചരിത്ര നിമിഷത്തിന് കൂടിയാവും ഇന്ത്യന്‍ ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കുക.
Content Highlight: Report says Cape Verde will play football in India