ലോകകപ്പില്‍ നിന്നും സൂപ്പര്‍താരം പുറത്ത്; ബ്രസീലിന് കനത്ത തിരിച്ചടി
FIFA World Cup 2026
ലോകകപ്പില്‍ നിന്നും സൂപ്പര്‍താരം പുറത്ത്; ബ്രസീലിന് കനത്ത തിരിച്ചടി
സുദേവ് എ
Wednesday, 1st July 2026, 1:32 pm

2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ ബ്രസീലിന് കനത്ത തിരിച്ചടി. മിഡ്ഫീല്‍ഡര്‍ ലൂക്കാസ് പക്വെറ്റക്ക് പരിക്കേറ്റതാണ് കാനറിപ്പടക്ക് വെല്ലുവിളിയായിരിക്കുന്നത്. റൗണ്ട് ഓഫ് 32ല്‍ ജപ്പാനെതിരെയുള്ള മത്സരത്തിലാണ് പക്വെറ്റക്ക് പരിക്കേറ്റത്. പേശീവലിവാണ് താരത്തിന് തിരിച്ചടിയായത്.

പക്വെറ്റക്ക് ലോകകപ്പിലെ ഇനിയുള്ള എല്ലാ മത്സരവും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. ഗ്ലോബോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യനിരയിലെ പ്രധാനിയായ പക്വെറ്റയുടെ അഭാവം ബ്രസീല്‍ കനത്ത തിരിച്ചടിയായിരിക്കും നല്‍കുക.

പ്രീ ക്വാര്‍ട്ടറില്‍ ഏര്‍ലിങ് ഹാലണ്ടിന്റെ നോര്‍വേയെയാണ് ബ്രസീല്‍ നേരിടുക. ജൂലൈ ആറിനാണ് മത്സരം നടക്കുക. ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീല്‍ തകര്‍ത്തത്.

അതേസമയം പരിക്കേറ്റ സൂപ്പര്‍താരം നെയ്മറിന്റെ തിരിച്ചുവരവ് ബ്രസീലിന് ഊര്‍ജം പകരുന്നതാണ്. ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ നെയ്മര്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെയാണ് കളത്തിലിറങ്ങിയത്.

സ്‌കോട്ലാന്‍ഡിലിനെതിരെ നെയ്മര്‍ 75ാം മിനിട്ടിലാണ് കളത്തിലേക്ക് തിരിച്ചെത്തിയത്. വെറും 14 മിനിറ്റ് മാത്രമാണ് നെയ്മറിന് കളിക്കാന്‍ സാധിച്ചതെങ്കിലും തന്റെ പഴയ പ്രതാപത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു നെയ്മറുടെ പോരാട്ടം. എന്നാല്‍ താരം ജപ്പാനെതിരെ കളത്തില്‍ ഇറങ്ങിയിരുന്നില്ല.

ഗ്രൂപ്പ് സി-യില്‍ ചാമ്പ്യന്മാരായാണ് കാനറിപ്പട അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഹെയ്തിയെയും സ്‌കോട്ലന്‍ഡിനെയും വീഴ്ത്തിയാണ് തിരിച്ചുവരവ് നടത്തിയത്.

വിനീഷ്യസ് ജൂനിയറിന്റെയും മാത്യുസ് കുന്‍ഹയുടെയും മിന്നും ഫോമിലാണ് ബ്രസീല്‍ കുതിക്കുന്നത്. വിനീഷ്യസ് ഇതുവരെ നാല് ഗോളുകളും ഒരു അസിസ്റ്റും നേടി മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും താരമായി തെരഞ്ഞടുക്കപ്പെട്ടതും വിനീഷ്യസ് തന്നെയാണ്. കുന്‍ഹ മൂന്ന് ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചാണ് ഫോം തുടരുന്നത്. ഈ താരങ്ങളുടെ മികച്ച പ്രകടനവും ബ്രസീലിന് ആശ്വാസമാകുന്നതാണ്.

 

Content Highlight: Report says Brazil star Lucas Paqueta to miss 2026 World Cup

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.