സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല് ഹൈപ്പ് നിലനിര്‍ത്തിയ ഒന്നായിരുന്നു. ഖലീഫക്ക് വേണ്ടി ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയ പൃഥ്വിയുടെ ലുക്ക് എല്ലാം സിനിമാപേജുകളില്‍ വൈറലായി.
പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. പൃഥ്വിരാജിന്റെ മുത്തശ്ശന്റെ വേഷമാണ് മോഹന്‍ലാലിന്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഖലീഫ. എമ്പുരാനില്‍ മോഹന്‍ലാലിന്റെ സഹോദര തുല്യമായ വേഷം ചെയ്ത പൃഥ്വിരാജ് പിന്നീട് ബ്രോ ഡാഡിയില്‍ മോഹന്‍ലാലിന്റെ മകനായും വേഷമിട്ടു.
ഖലീഫയില്‍ മുത്തശ്ശനും കൊച്ചുമകനുമായി ഇരുവരും എത്തുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. അടുത്തിടെ ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നതോടെ ചര്‍ച്ചയായ ഒന്നായിരുന്നു രണ്‍ജി പണിക്കരുടെ കഥാപാത്രം. മോഹന്‍ലാലിന്റെ മകനായിട്ടാകും രണ്‍ജി പണിക്കര്‍ വേഷമിടുക എന്ന് പല സിനിമാപേജുകളും റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴിതാ ഈ റിപ്പോര്‍ട്ട് സത്യമായിരിക്കുകയാണ്.
രണ്‍ജി പണിക്കരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഖലീഫയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാമ്പറക്കല്‍ യൂനസ് അലി എന്ന കഥാപാത്രമായാണ് രണ്‍ജി പണിക്കര്‍ ചിത്രത്തില്‍ വേഷമിടുന്നത്. അഹമ്മദ് അലി, അമീര്‍ അലി എന്നിങ്ങനെ രണ്ട് അധോലോക നായകന്മാര്‍ക്കിടയില്‍ പെട്ടുപോയ പാവം മനുഷ്യനാകും ഇതെന്ന് പലരും കമന്റ് പങ്കുവെക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ മകനായി രണ്‍ജി പണിക്കര്‍ വേഷമിടുന്നതിനെക്കുറിച്ചും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. 66 വയസുള്ള മോഹന്‍ലാലിന്റെ മകനായി 65 വയസുള്ള രണ്‍ജി പണിക്കരെ സംവിധായകന്‍ എങ്ങനെ അവതരിപ്പിക്കുമെന്നാണ് പലരും ചോദിക്കുന്നത്. ഒന്ന് പാളിയാല്‍ വലിയ ട്രോള്‍ മെറ്റീരിയലായേക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
സ്വര്‍ണ കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട ഗ്യാങ് വാറുമാണ് ഖലീഫയുടെ പ്രമേയം. ഫാമിലി ഇമോഷനുകള്‍ക്കിടയില്‍ ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഇതെന്ന് പൃഥ്വിരാജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാളവിക ശര്‍മയും കൃതി ഷെട്ടിയുമാണ് ചിത്രത്തിലെ നായികമാര്‍. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഷമ്മി തിലകന്‍, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.
Content Highlight: Renji Paniker’s character Poster in Khalifa movie out now