[] പിസയുടെ വിജയത്തിനു ശേഷം കോളിവുഡിലെ തിരക്കേറിയ നായികയാണ് മലയാളത്തിന്റെ സ്വന്തം രമ്യനമ്പീശന്‍. ദമാല്‍ ദുമീല്‍ എന്ന  ന്യൂജനറേഷന്‍ ചിത്രത്തിലൂടെ തമിഴകത്തിന്റെ ഭാഗ്യനായികയായി മാറുവാനുള്ള ശ്രമത്തിലാണിപ്പോള്‍ രമ്യ.

ലിങ്കുസ്വാമി ശരണ്‍, മുരുകദാസ് തുടങ്ങിയ സംവിധായകരുടെ സഹായിയായിരുന്ന ശ്രീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈഭവാണ് നായകന്‍. തെലുങ്ക് സംവിധായകന്‍ കൊടന്തശമണി റെഡ്ഡിയുടെ മകനായ വൈഭവ്, മങ്കാതെ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയിരുന്നു.

ഐ.ടി.പ്രഫഷണലായ മണികണ്ഠന് യാദൃശ്ചികമായി അഞ്ച് കോടി രൂപ ലഭിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് തമിഴ് മസാല ചേരുവകളോടെ ശ്രീ തയ്യാറാക്കിയിരിക്കുന്നത്. ആക്ഷന്‍ കോമഡി ത്രില്ലറായ ഈ ചിത്രത്തിനു വേണ്ടി പൂങ്കാതെ പൂങ്കാതെ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നായിക രമ്യ തന്നെയാണ്.

തമിഴ് സിനിമയിലെ തലയെടുപ്പുള്ള വില്ലന്‍ താരങ്ങളായ കോട്ടെ ശ്രീനിവാസറാവു ഇളവരശ്, ചാര്‍ളി വെങ്കിട്ട കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

ക്യാമിര്‍ ഫിലിംസിന്റെ ബാനറില്‍ സി.ജെ. ജയകുമാര്‍ നിര്‍മിച്ച  ദമാല്‍ ദുമീല്‍ പൂര്‍ണമായും പോണ്ടിച്ചേരിയിലാണ് ചിത്രീകരിച്ചത്. തമിഴ് എന്റര്‍ടെയ്ന്‍മെന്റിന്റെ മസാലക്കൂട്ടുകളുമായി ഓഗസ്റ്റ് മൂന്നാം വാരം ചിത്രം പ്രദര്‍ശനത്തിനെത്തും.