[] മേക്ക്ഓവറിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ മിന്നിത്തിളങ്ങിയ രമ്യ നമ്പീശന്‍ കന്നഡയിലും ഒരുകൈ നോക്കാനിറങ്ങുന്നു. പി.സി.ശേഖര്‍ സംവിധാനം ചെയ്യുന്ന സ്റ്റൈല്‍ കിങ് എന്ന ചിത്രത്തില്‍ ഗണേശിന്റെ നായികയായാണ് രമ്യയുടെ അരങ്ങേറ്റം.

രമ്യയുടെ അമ്പതാമത്തെ ചിത്രമാണ് സ്റ്റൈല്‍ കിങ്. നായികാപ്രാധാന്യമുള്ള പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയത്തിലകപ്പെട്ട പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ഒരേസമയം കാമുകനെയും കുടുംബത്തെയും ഒരുപോലെ സ്‌നേഹിക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടിയാണ് രമ്യയുടെ കഥാപാത്രം.

ആഹ്ലാദത്തോടെയാണ് കന്നഡയിലെ ആദ്യചിത്രം ചെയ്യുന്നതെന്ന് നായിക രമ്യ പറഞ്ഞു. മലയാളത്തിലും തമിഴിലും ശബ്ദമാധുര്യം അറിയിച്ചു കഴിഞ്ഞ താരം ആദ്യകന്നഡ ചിത്രത്തിലും ഒരു ഗാനം ആലപിക്കുന്നുണ്ട്. മറ്റ് ഭാഷകളിലെ പോലെ സാന്‍ഡല്‍വുഡിലും വിജയങ്ങള്‍ ആവര്‍ത്തിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണിപ്പോള്‍ രമ്യ നമ്പീശന്‍.