[share]

[]മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ രാധ കൊല്ലപ്പെട്ട സംഭവത്തില്‍ ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്ന്  ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത്.

കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടുന്ന ഏതന്വേഷണവുമായും സഹകരിക്കുമെന്നും സംഭവത്തില്‍ സി.പി.ഐ.എം തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

സി.ബി.ഐ അന്വേഷണം ആണെങ്കില്‍ അത് വേണമെന്നാണ് തന്റെ അഭിപ്രായമെന്നും സത്യം പുറത്ത് വരാന്‍ എല്ലാവരേയും പോലെ തനിക്കും ആഗ്രഹമുണ്ടെന്നും ഷൗക്കത്ത് വ്യക്തമാക്കി.

അതേസമയം, രാധ കൊല്ലപ്പെട്ട കേസില്‍ ഷൗക്കത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഷൗക്കത്തിന്റെ ഓഫിസിലും രാധ ജോലി ചെയ്തിരുന്നതിനെ തുടര്‍ന്നാണ് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

കേസില്‍ 140 പേരെ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തു. ഈ മാസം 25-ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

കേസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവായ അഡ്വ. ആര്യാടന്‍ ആസാദിനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസ് സെക്രട്ടറിയെയും ചോദ്യം ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് ഓഫീസ് കൂടാതെ ആസാദിന്റെ ഓഫീസിലും രാധ ജോലി ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ആസാദിനെ പോലീസ് ചോദ്യം ചെയ്തത്.

കേസന്വേഷണത്തില്‍ രണ്ട് ഓഫീസും ഉള്‍പ്പെടാത്തത് വിവാദമായ സാഹചര്യത്തിലാണ് സി.ഐ ഓഫീസില്‍ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.