കളിക്കളത്തില്‍ അവൻ വിവ് റിച്ചാര്‍ഡ്സിനെ പോലെയാണ്: രവി ശാസ്ത്രി
Cricket
കളിക്കളത്തില്‍ അവൻ വിവ് റിച്ചാര്‍ഡ്സിനെ പോലെയാണ്: രവി ശാസ്ത്രി
സുദേവ് എ
Monday, 15th June 2026, 1:01 pm

ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി. കോഹ്‌ലിയെ കാണുമ്പോള്‍ ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സസിനെ ഓര്‍മ വരുമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. കളിക്കളത്തിലെ വിരാടിന്റെ പോരാട്ടങ്ങള്‍ റിച്ചാര്‍ഡ്‌സിനെ പോലെയാണെന്നും ശാസ്ത്രി പറഞ്ഞു.

‘വിരാട് കോഹ്‌ലിയെ കാണുമ്പോള്‍ എനിക്ക് വിവ് റിച്ചാര്‍ഡ്സിനെയാണ് ഓര്‍മ വരുന്നത്. കാരണം കളിക്കളത്തില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന അതെ പോരാട്ടവീര്യം വിരാടിലും കാണാന്‍ സാധിക്കും. ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോഴും സാധാരണ താരം ആയിരുന്നപ്പോഴും വിവ് എപ്പോഴും ടീമിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. എതിരാളികളെ നേരിടുന്നതിലും കളിയില്‍ മുഴുവന്‍ സജീവമായി ഇടപെടുന്നതിലും വിരാട് വിവ് റിച്ചാര്‍ഡ്‌സിനുമായി വളരെയധികം സാമ്യമുണ്ട്,’ രവി ശാസ്ത്രി വണ്‍ 8ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോഹ്‌ലി നിലവില്‍ പരിക്കിന്റെ പിടിയിലാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കുള്ള ടീമില്‍ വിരാട് ഇടം നേടിയെങ്കിലും താരം പിന്നീട് പുറത്താവുകയായിരുന്നു.

കോഹ്‌ലി ഹാംസ്ട്രിങ് ഇഞ്ചുറി മൂലമാണ് പരമ്പരയില്‍ നിന്നും പുറത്തായത്. കോഹ്‌ലിക്ക് പകരം യശ്വസി ജെയ്‌സ്വാളാണ് ടീമില്‍ ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐ.പി.എല്ലില്‍ ഈ സീസണില്‍ ആര്‍.സി.ബിക്ക് വേണ്ടി മിന്നും പ്രകടനമാണ് കോഹ്‌ലി നടത്തിയത്. 16 മത്സരങ്ങളില്‍ നിന്നും 675 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും താരം സ്വന്തമാക്കി.

അതേസമയം അഫ്ഗാനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ധര്‍മശാലയില്‍ മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 194 റണ്‍സിന് പുറത്തായി. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 13 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.

ജൂണ്‍ 17നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഏകാനാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാവും. മറുഭാഗത്ത് പരമ്പര കൈവിടാതിരിക്കാന്‍ അഫ്ഗാനിസ്ഥാനും വിജയം അനിവാര്യമാണ്.

Content Highlight: Ravi Shastri talk about Virat Kohli performance in cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.