കൊച്ചി: പി. കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ പ്രതി ലതീഷ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്‍പായി ഹാജരാക്കും. നേരത്തെ ഇയാള്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്ക് മുമ്പാകെ കീഴടങ്ങിയിരുന്നു.
ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് കീഴടങ്ങിയിരുന്നത്. കേസില്‍ കീഴടങ്ങാന്‍ കോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കെയാണ് ലതീഷ് അന്വേഷണ സംഘത്തിനു മുമ്പിലെത്തിയത്. കേസില്‍ ലതീഷടക്കം അഞ്ചു പ്രതികളാണുള്ളത്.
മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു ലതീഷ് ബി ചന്ദ്രന്‍. ലതീഷിനു പുറമേ സി.പി.ഐ.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, പ്രമോദ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് സ്മാരകം തീവെച്ചു നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
മറ്റുപ്രതികള്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. കേസില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനു പിന്നാലെ അഞ്ചുപേരെയും സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, താന്‍ നിരപരാധിയാണെന്നും ആരോ മനപൂര്‍വ്വം തന്നെ കുടുക്കിയതാണെന്നുമാണ് ലതീഷ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. സി.പി.ഐ.എം വിഭാഗീയതയുടെ ഇരയാണ് താനെന്നും ലതീഷ് പറഞ്ഞിരുന്നു.
ലതീഷിനു പിന്നാലെ രണ്ടാം പ്രതി പി. സാബുവും സി.പി.ഐ.എം വിഭാഗീയതയുടെ ഇരയാണെന്ന പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു. തന്നോടുള്ള മുന്‍വൈരാഗ്യം കാരണമാണ് സി.പി.ഐ.എം നേതാവ് പി.കെ പളനി തനിക്കെതിരെ മൊഴി നല്‍കിയതെന്നും സാബു പറഞ്ഞിരുന്നു.
2013 ഒക്ടോബര്‍ 3നാണ് പി. കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്തത്. സി.പി.ഐ.എമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
