തൂഫാന് വേണ്ടി പാടാന്‍ രമേശ് ചെന്നിത്തലയെ വിളിച്ച് സന്നദ്ധത അറിയിച്ച് യേശുദാസ്
Kerala
തൂഫാന് വേണ്ടി പാടാന്‍ രമേശ് ചെന്നിത്തലയെ വിളിച്ച് സന്നദ്ധത അറിയിച്ച് യേശുദാസ്
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 1st August 2026, 10:50 pm

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന തൂഫാന്‍ ദൗത്യത്തിന് വേണ്ടി പാടാന്‍ ഗായകന്‍ കെ.ജെ യേശുദാസ് തന്നെ വിളിച്ച് സന്നദ്ധത അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കിംസ് ഹോസ്പിറ്റിലില്‍ വെച്ച് നടന്ന തൂഫാന്‍ കെയറില്‍ വെച്ച് സംസാരിക്കവെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഗായിക കെ.എസ് ചിത്രയും ഇത്തരത്തില്‍ ദൗത്യത്തിന്റെ ഭാഗമാകാമെന്നേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ നിന്നും യേശുദാസ് നേരിട്ട് തന്നെ ഫോണില്‍ വിളിച്ച് ഓപ്പറേഷന്‍ തൂഫാന്റെ നടപടികളെ അനുമോദിച്ചെന്നും പദ്ധതിയുടെ ഭാഗമാകാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്‌തെന്നും ചെന്നിത്തല പറഞ്ഞു. ദൗത്യത്തെ കുറിച്ച് ചോദിച്ചറിഞ്ഞ യേശുദാസ് ഓപ്പറേഷന്‍ തൂഫാന്റെ പ്രചരണ ഗാനത്തിനായി തന്റെ ശബ്ദത്തില്‍ പാട്ട് പാടി അയച്ച് തരാമെന്ന് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo: Chatgpt

കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച തൂഫാന്‍ പ്രചരണത്തില്‍ സ്ഥാപനത്തിലെ ഡോക്ടര്‍മാരെയും മറ്റ് പ്രവര്‍ത്തകരെയും തൂഫാന്‍ വാരിയറായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഓപ്പറേഷന്‍ തൂഫാന് മൂന്ന് ഘടകങ്ങളാണ്. ഒന്ന് ഓപ്പറേഷന്‍ തൂഫാന്‍ സ്‌ട്രൈക്ക്, രണ്ട് തൂഫാന്‍ വാരിയേഴ്‌സ്, മൂന്നാമത്തേതാണ് ഏറ്റവും പ്രധാനപ്പെട്ടത്, തൂഫാന്‍ കെയര്‍. തൂഫാന്‍ കെയറില്‍ പങ്കാളികളായി 35 ആശുപത്രികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കിംസും അതില്‍ ഭാഗമായതില്‍ പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു,’ ചെന്നിത്തല പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി എട്ടായിരത്തിലധികം കേസുകളും ഒട്ടനവധി അറസ്റ്റുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരിരി വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൊലീസിനെ നേരിട്ട് അറിയിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനായി 9497979794, 9497927797 എന്നീ ഫോണ്‍ നമ്പറുകളിലോ 9995966666 എന്ന വാട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.വിവരങ്ങള്‍ നല്‍കുന്ന വ്യക്തികളുടെ പേരും മറ്റ് വിശദാംശങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പുനല്‍കുന്നു.

 

Content Highlight: Ramesh Chennithala Says Singer KJ Yesudas expressed his interest to sing for Toofan song

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.