ഫസ്റ്റ് പാര്‍ട്ടില്‍ കോമാളി, ഇത്തവണ രണ്‍വീറിനെ തന്നെ സൈഡാക്കി, തിയേറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടിയിലും കൈയടി നേടി ധുരന്ധര്‍ 2ലെ ജമീല്‍ ജമാലി
Indian Cinema
ഫസ്റ്റ് പാര്‍ട്ടില്‍ കോമാളി, ഇത്തവണ രണ്‍വീറിനെ തന്നെ സൈഡാക്കി, തിയേറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടിയിലും കൈയടി നേടി ധുരന്ധര്‍ 2ലെ ജമീല്‍ ജമാലി
അമര്‍നാഥ് എം.
Friday, 15th May 2026, 8:16 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ധുരന്ധര്‍ 2 ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. നാല് മണിക്കൂറോളമുള്ള ചിത്രം പ്രേക്ഷകരെ എല്ലാ തരത്തിലും എന്‍ഗേജ് ചെയ്യിക്കുന്നുണ്ട്. ആദ്യഭാഗത്തിനൊപ്പം നില്‍ക്കുന്ന മേക്കിങ്ങും പെര്‍ഫോമന്‍സും തന്നെയാണ് രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ്.

ഓരോ കഥാപാത്രങ്ങള്‍ക്കും വ്യക്തമായ സ്‌ക്രീന്‍ സ്‌പേസും പ്രാധാന്യവും നല്‍കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. തിയേറ്റര്‍ റിലീസിലും ഒ.ടി.ടി റിലീസിലും ഒരുപോലെ ചര്‍ച്ചയായ കഥാപാത്രങ്ങളും സീനുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അതിലൊന്നാണ് രാകേഷ് ബേദി അവതരിപ്പിച്ച ജമീല്‍ ജമാലി എന്ന കഥാപാത്രം.

രാകേഷ് ബേദി Photo: Netflix

ആദ്യഭാഗത്തില്‍ അധികാരം നിലനിര്‍ത്താന്‍ വേണ്ടി പലരെയും തമ്മില്‍ തല്ലിക്കുന്ന കഥാപാത്രമായാണ് ജമീല്‍ ജമാലിയെ അവതരിപ്പിച്ചത്. നെഗറ്റീവ് ഷെയ്ഡ് നിറഞ്ഞ കഥാപാത്രം സിനിമയില്‍ അത്യാവശ്യം ചിരി പടര്‍ത്തിയിരുന്നു. ധുരന്ധര്‍ 2ന്റെ അവസാന 20 മിനിറ്റ് വരെ ജമാലിയെ അങ്ങനെയാണ് അവതരിപ്പിച്ചത്. എന്നാല്‍ അവസാനത്തെ ട്വിസ്റ്റ് അപ്രതീക്ഷിതമായിരുന്നു.

രണ്‍വീര്‍ സിങ് അവതരിപ്പിച്ച ജസ്‌കീരത് സിങ്ങിനും മുമ്പ് പാകിസ്ഥാനിലേക്ക് ഇന്ത്യ അയച്ച ചാരനായിരുന്നു ജമീല്‍ ജമാലി. പാകിസ്ഥാന്‍ ഇന്റലിജന്‍സിന്റെയടുത്ത് നിന്ന് ജസ്‌കീരത്തിനെ രക്ഷിക്കുന്നത് ജമാലിയാണ്. തിയേറ്ററില്‍ ഈ സീന്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കണ്ടിരിക്കുന്നവരുടെ കിളി പറത്തിയ സീന്‍ തന്നെയായിരുന്നു ഇത്.

രാകേഷ് ബേദി Photo: Netflix

അതുവരെ ഒറ്റക്ക് നിന്ന് സ്‌കോര്‍ ചെയ്ത രണ്‍വീറിനെപ്പോലും പിന്നീട് രാകേഷ് ബേദി സൈഡാക്കുകയാണ്. ഈ സീനില്‍ ശാശ്വത് സച്ച്‌ദേവ് നല്‍കിയ പാട്ടും സീനിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.

ഒ.ടി.ടിയിലും ജമാലി ആരാണെന്ന് റിവീല്‍ ചെയ്യുന്ന സീനിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതുവരെ കോമഡി കഥാപാത്രം മാത്രമാണെന്ന് കരുതിയ രാകേഷ് ബേദി പിന്നീടങ്ങോട്ട് സ്‌കോര്‍ ചെയ്യുകയാണ്. പല സിനിമകളിലും കണ്ടുമടുത്ത ട്വിസ്റ്റായിരുന്നിട്ടും വളരെ നല്ല രീതിയില്‍ തന്നെയാണ് സംവിധായകന്‍ അവതരിപ്പിച്ചത്.

40 വര്‍ഷം മുമ്പ് സ്വന്തം നാടിനെയും സ്വന്തക്കാരെയും ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് എത്തിയതിന്റെ എല്ലാ വിഷമവും ജമീല്‍ ജമാലിയുടെ വാക്കുകളിലുണ്ട്. സംവിധായകന്‍ തന്റെ രാഷ്ട്രീയ ആശയങ്ങള്‍ പല സീനിലും കുത്തിക്കയറ്റുന്ന പ്രൊപ്പഗണ്ടകളുണ്ടെങ്കിലും ഇത്തരം പെര്‍ഫോമന്‍സുകള്‍ ധുരന്ധര്‍ 2നെ മികച്ചതാക്കുന്നുണ്ട്.

Content Highlight: Rakesh Bedi’s performance in Dhurandhar 2 discussing after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം