[]ന്യൂദല്‍ഹി: അഴിമതി തുടച്ചുനീക്കുന്നതിന് വേണ്ടിയുള്ള ലോക്പാല്‍ ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും.

അണ്ണാ ഹസാരെയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളുമടക്കമുള്ളവരുടെ നിരന്തര സമരത്തിന്റേയും പ്രക്ഷോഭങ്ങളേയും തുടര്‍ന്ന് 2012 ലാണ് ലോക്പാല്‍ ബില്‍ ലോക്‌സഭ പാസാക്കിയത്. എന്നാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ രാജ്യസഭയുടെ നാളത്തെ അജണ്ടയില്‍ തന്നെ ലോക്പാല്‍ ബില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. ഭേദഗതികളോടെ സമര്‍പ്പിക്കപ്പെട്ട പുതിയ ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.

ലോകായുക്ത നിയമത്തിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതാണ് പ്രധാന ഭേദഗതി. എന്നാല്‍ മത രാഷ്ട്രീയ സംഘനടകളെ ലോക്പാല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ ലോക്പാല്‍ ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ റലേഗന്‍ സിദ്ധിയില്‍ അണ്ണാ ഹസാരെ നിരാഹാര സമരത്തിലാണ്.

അതേസമയം ബീഹാര്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ ആഭ്യന്തരമന്ത്രി കത്തെഴുതിയെന്നാരോപിച്ചും തെലങ്കാന പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടും പ്രതിപക്ഷ എം.പിമാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവെച്ചു.

ഇരുസഭകളും തുടങ്ങി മിനുട്ടുകള്‍ക്കകം തന്നെ സഭ പ്രക്ഷുബ്ദമാകുകയായിരുന്നു.

മുസാഫര്‍നഗര്‍ ദുരിതാശ്വാസക്യാമ്പില്‍ 40 കുട്ടികള്‍ മരിച്ച സംഭവത്തിലാണ് ബി.എസ്.പി അംഗങ്ങള്‍ ബഹളം കൂട്ടിയത്.

150 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാട്ടിലെ എം.പി മാര്‍ ബഹളമുണ്ടാക്കിയത്.