പടം പോരെന്ന് സമ്മതിക്കാന്‍ വയ്യ, എല്ലാ കുറ്റവും പ്രേക്ഷകര്‍ക്ക്... മോഹന്‍ലാലിനും സിദ്ധാര്‍ത്ഥ് ആനന്ദിനും പിന്നാലെ പുതിയ എന്‍ട്രിയായി രാജ്കുമാര്‍ ഹിരാനി
Indian Cinema
പടം പോരെന്ന് സമ്മതിക്കാന്‍ വയ്യ, എല്ലാ കുറ്റവും പ്രേക്ഷകര്‍ക്ക്... മോഹന്‍ലാലിനും സിദ്ധാര്‍ത്ഥ് ആനന്ദിനും പിന്നാലെ പുതിയ എന്‍ട്രിയായി രാജ്കുമാര്‍ ഹിരാനി
അമര്‍നാഥ് എം.
Friday, 26th June 2026, 8:37 pm

 

റിലീസിന് മുമ്പുള്ള പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാനാകാതെ പോകുന്ന നിരവധി സിനിമകളുണ്ട്. കഥയെ കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാനാകാത്തതും പ്രധാന താരങ്ങളുടെ പ്രകടനവുമൊക്കെയാകാം ഇതിന്റെ കാരണം. എന്നാല്‍ സ്വന്തം ഭാഗത്തെ തെറ്റുകള്‍ അംഗീകരിക്കാതെ എല്ലാ കുറ്റവും പ്രേക്ഷകരുടെ തലയിലേക്ക് ഇട്ടിട്ട് കൈകഴുകുന്ന സംവിധായകര്‍ പലപ്പോഴും ചര്‍ച്ചകളില്‍ ഇടംപിടിക്കാറുണ്ട്.

ബോളിവുഡിലെ ക്ലാസിക് സംവിധായകനായ രാജ്കുമാര്‍ ഹിരാനിയാണ് ഈ ലിസ്റ്റിലെ പുതിയ എന്‍ട്രി. സംവിധാനം ചെയ്ത എല്ലാ സിനിമകളും ഹിറ്റ് സ്റ്റാറ്റസിലെത്തിച്ച ഇന്ത്യയിലെ ചുരുക്കം സംവിധായകരിലൊരാളാണ് ഹിരാനി. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവുമൊടുവിലത്തെ ചിത്രം ഡങ്കി പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. ബോക്‌സ് ഓഫീസില്‍ ചിത്രം സേഫായെങ്കിലും ഹിരാനി ടച്ച് ഡങ്കിയില്‍ എവിടെയും കാണാന്‍ കഴിഞ്ഞിരുന്നില്ല.

രാജ്കുമാര്‍ ഹിരാനി, ഡങ്കി Photo: Reddit

ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാക്കാനാകാത്തതിന്റെ കാരണം അടുത്തിടെ ഒരു അഭിമുഖത്തില്‍ രാജ്കുമാര്‍ ഹിരാനി വ്യക്തമാക്കിയതാണ് ഇപ്പോഴത്തെ ചര്‍ച്ച. മറ്റൊരു രാജ്യത്തേക്ക് അനധികൃതമായി കടക്കുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയില്‍ പലര്‍ക്കും എളുപ്പത്തില്‍ വിസ കിട്ടുന്നതുകൊണ്ടും ഇത്തരം ഇല്ലീഗല്‍ എന്‍ട്രിയെക്കുറിച്ച് ആര്‍ക്കും അറിയാത്തതാണ് ഡങ്കി പ്രതീക്ഷക്കൊത്ത് ഉയരാത്തതെന്നാണ് രാജ്കുമാര്‍ ഹിരാനി പറഞ്ഞത്.

ഇതോടെ ഹിരാനിയെ തലങ്ങും വിലങ്ങും ട്രോളുകയാണ് സിനിമാപേജുകള്‍. സിനിമ മര്യാദക്ക് ചെയ്യാനറിയാത്തതിന് പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നാണ് പലരും ട്രോളിലൂടെ വിമര്‍ശിക്കുന്നത്. മുമ്പ് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദും ഇത്തരമൊരു ന്യായീകരണം പറഞ്ഞതിന്റെ പേരില്‍ എയറിലായിരുന്നു. ഹൃതിക് റോഷനെ നായകനാക്കി ഒരുക്കിയ ഫൈറ്റര്‍ ശരാശരി വിജയമാണ് നേടിയത്.

ഫൈറ്റര്‍ Photo: Screen grab/ Yash Raj Films

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ഫ്‌ളൈറ്റില്‍ കയറാത്തതുകൊണ്ടാണ് ചിത്രം ആര്‍ക്കും കണക്ടാകാത്തതെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ന്യായീകരണം. ഇപ്പോഴിതാ രാജ്കുമാര്‍ ഹിരാനിയും വിമര്‍ശനത്തിന് വിധേയനായിരിക്കുകയാണ്. ബോളിവുഡില്‍ ഇപ്പോള്‍ വലിയ ഹിറ്റുകളുണ്ടാകാത്തതും മറ്റ് ഇന്‍ഡസ്ട്രികള്‍ ബോളിവുഡിനെക്കാള്‍ മുന്നേറുന്നതും ഇത്തരം സംവിധായകര്‍ കാരണമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

ബോളിവുഡില്‍ മാത്രമല്ല, മലയാളത്തിലും ഇത്തരം ന്യായീകരണങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മരക്കാര്‍ പരാജയപ്പെട്ടതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും സാറ്റര്‍ഡേ നൈറ്റ്‌സിന്റെ പരാജയത്തില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണവും ട്രോളന്മാരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. വിമര്‍ശനങ്ങളെ ഭയക്കുന്ന ഇത്തരം സംവിധായകര്‍ അവരുടെ രീതി മാറ്റണമെന്നും കമന്റുകളുണ്ട്.

Content Highlight: Rajkumar Hirani getting trolls for his justification on Dunki failure

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം