തിരുവനന്തപുരം: കേരളത്തെ പാകിസ്താന്‍ എന്ന് സംബോധന ചെയ്ത ടൈംസ് നൗ ചാനലിന്റെ നടപടിയെ അഭിനന്ദിച്ച് രാജ്യസഭ എം.പിയും എന്‍.ഡി.എ കേരള ഘടകം ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന്റെ റിപ്ലെ ട്വീറ്റ്.
ചാനലിന്റെ ആക്ഷേപത്തെ അനൂകൂലിക്കുന്ന തരത്തില്‍ ലക്ഷ്മി കാനത്ത് എന്നയാള്‍ ചാനല്‍ പറഞ്ഞതു തന്നെയാണ് ശരിയെന്ന തരത്തില്‍ ചെയ്ത ട്വീറ്റിനു താഴെയായി മൂന്നു സ്മൈലി ഇമോജികളാണ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയിരിക്കുന്നത്. ഈ റിപ്ലെയില്‍ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വി.മുരളീധരനെയും രാജീവ് ടാഗ് ചെയ്തിട്ടുമുണ്ട്.
അതേസമയം രാജീവ് ചന്ദ്രശേഖറിനെതിരേ രൂക്ഷമായ പ്രതികരണമാണ് ഇതേതുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. കേരളീയര്‍ക്ക് നേരെയുള്ള അധിക്ഷേപത്തെ ചിരിച്ചു തള്ളുകയല്ല വേണ്ടതെന്നായിരുന്നു ശശി തരൂര്‍ എം.പിയുടെ പ്രതികരണം.
നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ചെയ്ത റിപ്പോര്‍ട്ടില്‍ ” അമിത് ഷാ ഇടിമുഴങ്ങുന്ന പാകിസ്താനിലേക്ക്” എന്നായിരുന്നു ടൈംസ് നൗ ചാനല്‍ കാണിച്ചത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉണ്ടായതോടെ ചാനല്‍ മാപ്പ് പറഞ്ഞിരുന്നു.
ഈ പ്രയോഗത്തിനെതിരെ സോഷ്യല്‍മീഡിയയിലും പുറത്തും വമ്പന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കയ്യബദ്ധം പറ്റിയതാണെന്നും വീണ്ടും വീണ്ടും അത്തരമൊരു വിശേഷണം നടത്തേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് ടൈംസ് നൗ ചാനലിലൂടെ അറിയിച്ചത്.
ഇടി മുഴങ്ങിയ പാക്കിസ്ഥാന് സമാനമായ, സംസ്ഥാനത്തില്‍ ബീഫ് വിഷയത്തില്‍ സമരം നടക്കുമ്പോള്‍ അമിത്ഷാ എത്തി എന്നായിരുന്നു ചാനലിന്റെ പരാമര്‍ശം. അമിത്ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരംഭിച്ച അമിട്ട്ഷാജി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. ഇക്കാര്യം പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
