സുട്ടുവിന് എന്ത് കൊണ്ടാണ് ടൊവിനോയുടെ ശബ്ദം നല്‍കിയത്; മറുപടിയുമായി രാജേഷ് മാധവന്‍
Malayalam Cinema
സുട്ടുവിന് എന്ത് കൊണ്ടാണ് ടൊവിനോയുടെ ശബ്ദം നല്‍കിയത്; മറുപടിയുമായി രാജേഷ് മാധവന്‍
ഐറിന്‍ മരിയ ആന്റണി
Sunday, 15th February 2026, 4:10 pm

രാജേഷ് മാധവന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ പെണ്ണും പൊറാട്ടും എന്ന ചിത്രം ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചായാകുകയാണ്. ഒരു കൂട്ടം പുതുമുഖങ്ങള വെച്ച് രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് പ്രേക്ഷകരുടെ ഇടയില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് വരുന്നത്.

സറ്റയര്‍ ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ ഇരുനൂറിലധികം മൃഗങ്ങളുണ്ടെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഐ.എഫ്.എഫ്.കെയില്‍ കയ്യടി നേടിയ ചിത്രം ഇപ്പോള്‍ തിയേറ്റര്‍ റിലീസിന് ശേഷവും മികച്ച അഭിപ്രായങ്ങള്‍ നേടുകയാണ്.

ചിത്രത്തില്‍ സുട്ടു എന്ന നായക്ക് ടൊവിനോയുടെ ശബ്ദം വന്നത് ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു. ട്രെയ്‌ലര്‍ കണ്ട് എല്ലാവരും ആ ശബ്ദം കേട്ടപ്പോള്‍ ഒന്ന് സര്‍പ്രൈസ്ഡായി. ഇപ്പോഴിതാ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സുട്ടുവിന് ടൊവിനോയുടെ ശബ്ദം നല്‍കിയതിന്റെ കാരണം വ്യക്തമാക്കുകയാണ് രാജേഷ് മാധവന്‍. ടൊവിനോ എന്ന വ്യക്തിയെയും നടനെയും തനിക്ക് ഒരുപോലെ ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു.

‘ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. സുട്ടുവിന്റെ ശബ്ദം ആരുടേതാവണം എന്നതിനെപ്പറ്റി ആദ്യമേ മനസില്‍ ധാരണയുണ്ടായിരുന്നു. ടൊവിനോ വേണമെന്നതായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, പുതുമുഖങ്ങളെ വെച്ചുള്ള ഇത്തരമൊരു സിനിമയിലേക്ക് ടൊവിനോ വരുമോ എന്ന് ഞാന്‍ സംശയിച്ചു.

സിനിമയുടെ ഫസ്റ്റ് കട്ട് ടൊവിനോയെ കാണിച്ചശേഷം സുട്ടുവിന് ശബ്ദം നല്‍കാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ തന്നെ ടൊവിനോ സമ്മതിക്കുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് ടൊവിനോ സുട്ടുവിന് ശബ്ദം നല്‍കിയത്,’ രാജേഷ് മാധവന്‍ പറയുന്നു.

പുതുമുഖങ്ങളെയും മൃഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുക ശ്രമകരമായ ദൗത്യമായിരുന്നുവെന്നും കാരണം അവരെയും അഭിനയിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സുട്ടു എന്ന കഥാപാത്രമായി അഭിനയിക്കുന്ന നായയുടെ ഇമോഷന്‍സ് സിനിമയിലുടനീളം നിലനിര്‍ത്തേണ്ടതുണ്ടെന്നും അതായിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ടെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

അവനെവെച്ച് രണ്ടുമണിക്കൂര്‍ മാത്രമേ ഷൂട്ട് ചെയ്യാന്‍ പറ്റുകയെന്നും ശേഷം നാല് മണിക്കൂര്‍ അവന് വിശ്രമമാണ്, അതിനനുസരിച്ചായിരുന്നു ചിത്രീകരണം ക്രമീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 13നാണ് പെണ്ണും പൊറാട്ടും തിയേറ്ററുകളിലെത്തിയത്. സന്തോഷ് ടി കുരവിള നിര്‍മിച്ച ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് ചമന്‍ ചാക്കോയാണ്.

Content Highlight:  Rajesh Madhavan talks about the movie Pennum Porattum and Tovino

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.