[share]

[]തിരുവന്തപുരം: കേന്ദ്ര റെയില്‍വേയുടെ ഇടക്കാല ബജറ്റ് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉടന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ അവസാന ബജറ്റാണ്  ഇന്ന് അവതരിപ്പിക്കുന്നത്.

ഇടക്കാല ബഡ്ജറ്റ് എന്ന നിലയില്‍ നിര്‍ണായക നയ പ്രഖ്യാപനങ്ങള്‍ക്കൊന്നും സാധ്യതയില്ല. ട്രെയിന്‍ നിരക്കുകളിലും മാറ്റമുണ്ടാകാനിടയില്ല. എങ്കിലും തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ബഡ്ജറ്റായതിനാല്‍ ജനകീയ നിര്‍ദ്ദേശങ്ങള്‍ക്ക് സാധ്യതയുണ്ട്.

പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ക്കും റയില്‍പാതകള്‍ക്കും ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും.

കേരളത്തിന് ഈ ബഡ്ജറ്റിലെങ്കിലും എന്തെങ്കിലും പ്രതീക്ഷക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

എന്നാല്‍ കഴിഞ്ഞ വര്‍ഷവും അതിനു മുമ്പുള്ള വര്‍ഷങ്ങളിലും റെയില്‍വേ ബജറ്റില്‍ ഏറെ കൊട്ടിഘോഷിച്ച സംസ്ഥാനമായിരുന്നു കേരളം. പക്ഷെ കേരളത്തിന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളില്‍ പലതും ഇതുവരെയും ലഭ്യമായിട്ടില്ല.

തിരുവനന്തപുരം-ന്യൂദല്‍ഹി എക്‌സ്പ്രസ്  കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. പാലക്കാട് കോച്ച് ഫാക്ടറി ഇപ്പോഴും സ്വപ്‌നപദ്ധതിയായി നിലനില്‍ക്കുന്നു. സ്വകാര്യ പങ്കാളിയെ ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ശബരി റെയില്‍ പദ്ധിതിയും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇതിന് വര്‍ധിച്ച പദ്ധതി ചെലവും സ്ഥലമേറ്റെടുക്കലും തടസ്സമാണെന്നാണ് മറുപടി.

കൊല്ലത്ത് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച നൈപുണ്യ വികസന കേന്ദ്രത്തിന്റെ പ്രാരംഭ നടപടികള്‍പോലും ആരംഭിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിനായി പ്രഖ്യാപിച്ച തിരുവനന്തപുരം, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തല്‍ ഉട്ടോപ്യന്‍ സ്വപ്‌നമായി ഇന്നും മലയാളി മനസുകളില്‍ ഒതുങ്ങുന്നു.

നേമം, കൊച്ചുവേളി സ്‌റ്റേഷനുകളുടെ വികസനം, നേമത്ത് കുടിവെള്ള ബോട്ടിലിങ് പ്ലാന്റ്, തിരുവനന്തപുരത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ് എന്നിവയുടേയും സ്ഥിതി തഥൈവ…!

പുനലൂര്‍, ചെങ്കോട്ട, പാലക്കാട്, പൊള്ളാച്ചി ഗേജ്മാറ്റം പാതിവഴിയിലാണ്. കണ്ണൂര്‍മംഗലാപുരം പാത വൈദ്യൂതീകരണത്തിന്റെ സ്ഥിതിയും ഇതുതന്നെ.

പ്രഖ്യാപിച്ച പദ്ധതികള്‍ ഇതുവരെ നടപ്പിലായില്ലെങ്കിലും ദീര്‍ഘദൂര സര്‍വീസുകളും പാസഞ്ചറുകളും കൂടുതല്‍ വേണമെന്നത് കേരളത്തിന്റെ യാത്രാ ക്ലേശം പരിഹരിക്കാന്‍ അത്യാവശ്യമാണ്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന തിരുവന്തപുരംഗുഹാവത്തിയും എറണാകുളംബാംഗ്ലൂര്‍ തുരന്തോയും കോട്ടയം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിയും അടിയന്തിരമായി അനുവദിക്കേണ്ടതുണ്ട്.

നിലവില്‍ സംസ്ഥാനത്തിന് അനുവദിച്ച പദ്ധതികള്‍തന്നെ കടലാസില്‍ ഒതുങ്ങുമ്പോള്‍ കേരളത്തിന്റെ റെയില്‍വേ വികസന പദ്ധതികള്‍ സ്വപ്‌നമായിത്തന്നെ അവശേഷിക്കുകയാണ്. കേന്ദ്രത്തില്‍ ചെലുത്തേണ്ട ശക്തമായ സമ്മര്‍ദത്തിന്റെ അഭാവമാണ് ഇതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്.