ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടു കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടാവാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല.

രാഹുല്‍ ഗാന്ധി അത്തരത്തിലൊരു വാക്ക് ഉപയോഗിക്കുകയോ അങ്ങനെയൊരു കാര്യം സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. തെറ്റായ മാധ്യമ വാര്‍ത്തകളിലും പ്രചരണങ്ങളിലും തെറ്റിദ്ധരിക്കപ്പെടരുതെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.

പരസ്പരം പോരടിക്കുകയും കോണ്‍ഗ്രസിനെ വേദനിപ്പിക്കുകയും ചെയ്യുന്നതിന് പകരം മോദി സര്‍ക്കാരിന്റെ നിര്‍ദ്ദയമായ ഭരണത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടുകയാണ് വേണ്ടതെന്നും സുര്‍ജേവാല പ്രതികരിച്ചു. കപില്‍ സിബലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

‘കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലാണ്! ‘

കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു … മണിപ്പൂരില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചു … എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയാണ്, അല്ലേ” എന്നായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്. എന്നാല്‍ താന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാഹുല്‍ വ്യക്തിപരമായി അറിയിച്ചതുകൊണ്ട് ആ വിഷയത്തില്‍ ഇട്ട ട്വീറ്റ് താന്‍ പിന്‍വലിക്കുകയാണെന്ന് കപില്‍ സിബല്‍ അറിയിച്ചിരുന്നു.

ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് ഗുലാം നബി ആസാദും പറഞ്ഞിരുന്നു.

ഇത്തരത്തിലൊരു കത്ത് ബി.ജെ.പിക്ക് സഹായകരമായെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, ബി.ജെ.പിയുടെ നിര്‍ദേശത്തോടെയാണ് ഇത്തരമൊരു കത്ത് അയച്ചതെന്ന തോന്നല്‍ ആരിലെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുപോകുന്നതില്‍ മടിയില്ല’ എന്നായിരുന്നു ഗുലാം നബി ആസാദ് യോഗത്തില്‍ പറഞ്ഞത്.

പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുലിന്റെ വരവ് ചിലര്‍ എതിര്‍ക്കുന്നു എന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്നും കത്തില്‍ പറഞ്ഞിരുന്നു. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

എന്നാല്‍ ഇത്തരമൊരു കത്തയച്ച സമയത്തെ രാഹുല്‍ യോഗത്തില്‍ വിമര്‍ശിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Rahul Gandhi did not say leaders were colluding with BJP: Surjewala