അവന്‍ ഇനിയും ഒരുപാട് മത്സരങ്ങള്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു: അശ്വിന്‍
Cricket
അവന്‍ ഇനിയും ഒരുപാട് മത്സരങ്ങള്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു: അശ്വിന്‍
സുദേവ് എ
Friday, 24th July 2026, 8:03 pm

സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത പേസര്‍ മായങ്ക് യാദവിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍.

മായാങ്ക് യാദവ് അസാധാരണ കഴിവുള്ള താരമാണെന്നും ഇനിയും ഒരുപാട് മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി മയാങ്ക് കളിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അശ്വിന്‍ പറഞ്ഞത്. മയാങ്കിന്റെ ഇടക്കിടെയുള്ള പരിക്കിന്റെ വെല്ലുവിളികളെക്കുറിച്ചും അശ്വിന്‍ സംസാരിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുന്‍ ഇന്ത്യന്‍ താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘ചെറുപ്പത്തില്‍ തന്നെ സ്ട്രെസ് ഫ്രാക്ച്ചര്‍ വരുന്നത് എളുപ്പമുള്ള കാര്യമല്ല. പലരും എന്തുകൊണ്ടാണ് അവന് എപ്പോഴും പരിക്ക് പറ്റുന്നത് എന്ന് ചോദിക്കും. എന്നാല്‍ ഒരു താരവും മനപൂര്‍വം പരിക്കുപറ്റാന്‍ കളിക്കില്ല. പരിക്ക് ശാരീരികമായും മാനസികമായും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. പ്രത്യേകിച്ച് ഒരേ തരത്തിലുള്ള പരിക്ക് വീണ്ടും വന്നാല്‍ അത് ശരീരത്തെയും മനസിനെയും ബാധിക്കും. മായാങ്ക് യാദവിന് ഇനിയും ഒരുപാട് സമയമുണ്ട്. അദ്ദേഹം അസാധാരണമായ കഴിവുള്ള താരമാണ്. അവന്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത് കാണാനാണ് എന്റെ ആഗ്രഹം,’ അശ്വിന്‍ പറഞ്ഞു.

സിംബാബ്വെക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് മായങ്ക് യാദവാണ്. നാല് ഓവറില്‍ നിന്ന് 18 റണ്‍സ് വഴങ്ങിയാണ് മയങ്ക് രണ്ട് വിക്കറ്റുകള്‍ നേടിയയത്. 4.50 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്.

മത്സരത്തില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ താരം വിക്കറ്റ് നേടിയിരുന്നു. ബ്രെയാന്‍ ബെന്നറ്റിനെ വീഴ്ത്തിയാണ് മായങ്ക് വരവറിയിച്ചത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് ബ്രെയാന്‍ മടങ്ങിയത്. ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയതോടെ ഒരു വമ്പന്‍ നേട്ടവും മായങ്ക് സ്വന്തമാക്കി.

ഒരു മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് മായങ്ക്. അര്‍ഷ്ദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഹരാരേ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 40 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്.

 

Content Highlight: R. Ashwin talks about Mayank Yadav performance for India

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.