സഞ്ജുവോ അഭിഷേകോ അല്ല, യുവരാജിന്റെ മാന്ത്രിക സ്പര്‍ശം അവനെ രക്ഷപ്പെടുത്തും; സൂപ്പര്‍ ക്യാപ്റ്റനെ കുറിച്ച് അശ്വിന്‍
IPL
സഞ്ജുവോ അഭിഷേകോ അല്ല, യുവരാജിന്റെ മാന്ത്രിക സ്പര്‍ശം അവനെ രക്ഷപ്പെടുത്തും; സൂപ്പര്‍ ക്യാപ്റ്റനെ കുറിച്ച് അശ്വിന്‍
ആദര്‍ശ് എം.കെ.
Sunday, 22nd March 2026, 9:49 pm

 

ഐ.പി.എല്‍ 2026ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷബ് പന്ത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇതിഹാസ താരം യുവരാജ് സിങ്ങിന്റെ കീഴിലുള്ള പരിശീലനം സഹായിക്കുമെന്ന് ഇന്ത്യന്‍ ലെജന്‍ഡ് ആര്‍. അശ്വിന്‍.

പുതിയ സീസണിന് മുന്നോടിയായി യുവരാജ് സിങ്ങിന്റെ മേല്‍നോട്ടത്തില്‍ പന്ത് ബാറ്റിങ് പരിശീലനം നടത്തുന്ന പശ്ചാത്തലത്തിലാണ് അശ്വിന്റെ ഈ നിരീക്ഷണം.

ആര്‍. അശ്വിന്‍

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറയുന്നത്.

‘ഒരുപക്ഷേ യുവരാജ് സിങ്ങിനൊപ്പമുള്ള പരിശീലനം അവന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായകമാകും. റിഷബ് പന്തിന് ആവശ്യമാ ആ മാന്ത്രിക സ്പര്‍ശം ഇതായിരിക്കാം.

റിഷബ് പന്തിനെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അവന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയോ വണ്‍ ഡൗണായി ഇറങ്ങുകയോ വേണം. അതിന് താഴേക്ക് ഒരിക്കലും അവന്റെ ബാറ്റിങ് പൊസിഷന്‍ മാറരുത് എന്നാണ് എന്റെ അഭിപ്രായം,’ അശ്വിന്‍ പറഞ്ഞു.

യുവരാജ് സിങ്ങിനൊപ്പം റിഷബ് പന്ത്

‘മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മര്‍ക്രം എന്നിവര്‍ ടീമിലുണ്ടെങ്കില്‍ റിഷബ് പന്തിനെ എവിടെയാണ് കളിപ്പിക്കേണ്ടത്? അദ്ദേഹത്തിന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കണമെങ്കില്‍ അത് ഓപ്പണിങ്ങില്‍ തന്നെ ആയിരിക്കണം. കാരണം ടീമിന്റെ ക്യാപ്റ്റന്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമ്പോള്‍ ആ ടീം വളരെ വ്യത്യസ്തമായി കാണും.

പവര്‍ പ്ലേയില്‍ റിഷബ് പന്തിന് പരിഹരിക്കേണ്ട കാര്യങ്ങള്‍ വളരെ കുറവായിരിക്കും. അവര്‍ തങ്ങളുടെ വിദേശ ബാറ്റര്‍മാരില്‍ ഒരാളെ പുറത്തിരുത്തി വിദേശ ബൗളറെ ഉള്‍പ്പെടുത്തി ബൗളിങ്ങിന്റെ മൂര്‍ച്ച കൂട്ടണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിഷബ് പന്ത്

കഴിഞ്ഞ സീസണില്‍ മോശം പ്രകടനമാണ് പന്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്ക് ടീമിലെത്തിച്ചെങ്കിലും ആ പ്രൈസ് ടാഗിനോടോ പേരിനും പെരുമയോടോ നീതി പുലര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല.

13 ഇന്നിങ്‌സില്‍ നിന്നും 269 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേടിയ സെഞ്ച്വറി മാത്രമാണ് ആരാധകര്‍ക്ക് ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്.

എല്‍.എസ്.ജി സ്‌ക്വാഡ് 2026

ഏപ്രില്‍ ഒന്നിനാണ് പന്തും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ എകാനയില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

 

 

Content Highlight: R. Ashwin says training with Yuvraj Singh will benefit Rishabh Pant

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.