2026 ടി – 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. നാളെ (ഫെബ്രുവരി 15) ശ്രീലങ്കയിലെ കൊളംബോയിലാണ് മത്സരം അരങ്ങേറുക. തുടര്‍ച്ചയായ വിജയം തേടി ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യന്‍ ഓപ്പണിങ്ങില്‍ ആരെത്തുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്തിലാണ്.
അനാരോഗ്യം കാരണം കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന അഭിഷേക് ശര്‍മ തിരിച്ചെത്തുമോ അതോ സഞ്ജു സാംസണ്‍ തന്നെ ആ സ്ഥാനം നിലനിര്‍ത്തുമോയെന്ന കാര്യം അവ്യക്തമാണ്. നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തില്‍ അഭിഷേകിന് പകരമെത്തിയിരുന്നത് സഞ്ജുവായിരുന്നു. താരം എട്ട് പന്തില്‍ 22 റണ്‍സെടുത്ത് വളരെ പെട്ടെന്ന് തന്നെ മടങ്ങുകയും ചെയ്തു.
സഞ്ജു സാംസണ്‍. Photo: Team Samson/x.com
ഇപ്പോള്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. സഞ്ജുവിന്റെ ബാറ്റിങ്ങില്‍ പഴയ ആത്മവിശ്വാസം കാണാനില്ലെന്നും താരത്തിന്റെ മനസില്‍ മറ്റ് ചിന്തകളാണെന്നും അദ്ദേഹം പറഞ്ഞു.
അഭിഷേക് തിരിച്ചെത്താന്‍ ടീമിപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാവുമെന്നും സഞ്ജു തന്റെ സ്വാഭാവിക രീതിയില്‍ കളിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആര്‍. അശ്വിന്‍.
ആര്‍. അശ്വിന്‍. Photo: lndian Sports Netwrk/x.com
‘റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഒരു ബാറ്ററെ പോലെയാണ് സഞ്ജു സാംസണിപ്പോള്‍. അവന്റെ മനസില്‍ പല ചിന്തകളുണ്ടെന്ന് വ്യക്തമാണ്. ക്രീസിലെത്തുമ്പോള്‍ ഈ ചിന്തകളില്‍ പെട്ട് അവന്‍ ആശയകുഴപ്പത്തിലാകുന്നു. അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ അവനെ ടീം പിന്തുണച്ചു. അഭിഷേക് തിരിച്ചെത്തണമെന്ന് ഇപ്പോള്‍ ടീം ആഗ്രഹിക്കുന്നുണ്ടാവും.
നമീബിയക്ക് എതിരെ പുറത്തായ രീതി പരിശോധിച്ചാല്‍ ആ പന്തില്‍ സഞ്ജുവിന് ഒരു പ്ലാനിങ്ങും ഉണ്ടായിരുന്നില്ല. അവന്‍ ഒട്ടും വ്യക്തതയില്ലാത്തത് പോലെയാണ് കളിച്ചത്. അത്തമൊരു മാനസികാവസ്ഥ ഏതൊരു താരത്തെയും ബാധിക്കും.
ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സഞ്ജു തന്റെ സ്വാഭാവിക രീതിയിലേക്ക് മടങ്ങിയെത്തണം. മറ്റൊന്നും ചിന്തിക്കാതെ പേടി കൂടാതെ അടിച്ച് കളിക്കൂ എന്ന് മാത്രമാണ് എനിക്ക് അവനോട് പറയാനുള്ളത്,’ അശ്വിന്‍ പറഞ്ഞു.
Content Highlight: R. Ashwin says Sanju Samson looks like a batter searching for runs and his mind is jumbled