ന്യൂദല്‍ഹി: ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഇറക്കി വിട്ടുവെന്ന അവകാശവാദവുമായി ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നില്‍ക്കാന്‍ പോലും കഴിയാത്ത വിധം മദ്യപിച്ചിരുന്നുവെന്നും ഇതിനാലാണ് വിമാനക്കമ്പനി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും സുഖ്ബീര്‍ പറയുന്നു.
അതേസമയം, ഭഗവന്ത് മാനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം.
ഭഗവന്ത് മാന്‍ ജര്‍മനിയില്‍ പോയിരുന്നു. അമിതമായി മദ്യം കഴിച്ചതാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ നിന്ന് ഇറക്കിവിടാന്‍ കാരണമെന്നാണ് സഹയാത്രക്കാരെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംഭവം കാരണം വിമാനം നാലു മണിക്കൂര്‍ വൈകിയെന്നും സുഖ്ബീര്‍ സിങ് ആരോപിക്കുന്നുണ്ട്.
ഭഗവന്ത് മാനിന്റെ ഇത്തരം പ്രവൃത്തികള്‍ അദ്ദേഹത്തെ മാത്രമല്ല മറിച്ച് ഓരോ പഞ്ചാബിയേയും നാണംകെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഇത്തരം റിപ്പോര്‍ട്ടുകളില്‍ പഞ്ചാബ് സര്‍ക്കാര്‍ മൗനം പാലിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും സുഖ്ബീര്‍ ബാദല്‍ പറയുന്നു. ഇക്കാര്യത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ വിശദീകരണം നല്‍കണം. പഞ്ചാബിനെയും രാജ്യത്തെയും ലോകത്തിന് മുമ്പില്‍ അപമാനിച്ച പഞ്ചാബ് മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ജര്‍മന്‍ സര്‍ക്കാരുമായി വിഷയം സംസാരിക്കണമെന്നും സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.
വിഷയത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പര്‍ത്തപ് സിങ് ബജ്വ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഭഗവന്ത് മാനെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കിയത് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ഈ വിഷയം ഉന്നയിക്കണമെന്നും അതുവഴി കാരണം പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ശാരീരിക അസ്വസ്ഥത കാരണമാണ് അദ്ദേഹം ഫ്‌ലൈറ്റില്‍ കയറാതെ മടങ്ങിയതെന്നാണ് എ.എ.പിയുടെ വിശദീകരണം.
Content Highlight: punjab Chief minister Bhagwant mann misses flight at the last minute of departure, reports says he was drunk
