2017ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിച്ചതില്‍ 4059 പേരും സംരക്ഷിത അധ്യാപകര്‍: അട്ടിമറിക്കപ്പെടുന്നത് സംവരണവും പി.എസ്.സി നിയമനവും
Governance and corruption
2017ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിച്ചതില്‍ 4059 പേരും സംരക്ഷിത അധ്യാപകര്‍: അട്ടിമറിക്കപ്പെടുന്നത് സംവരണവും പി.എസ്.സി നിയമനവും
റെന്‍സ ഇഖ്ബാല്‍
Thursday, 15th March 2018, 10:18 am

2017ല്‍ മാത്രം കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിച്ചത് 4059 സംരക്ഷിത അധ്യാപകരെയെന്ന് കണക്കുകള്‍. പി.എസ്.സി റാങ്ക് ലിസ്റ്റ് അനുസരിച്ചുള്ള നിയമനങ്ങളെ അട്ടിമറിച്ചാണ് ഇത്രയധികം സംരക്ഷിത അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് നിയമിച്ചിട്ടുള്ളതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ കുറവ് മൂലം അവിടെ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിക്കപ്പെടുന്നവരാണ് സംരക്ഷിത അധ്യാപകര്‍. മാതൃസ്ഥാപനത്തില്‍ കിട്ടിയ എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്നു. എന്നാല്‍ പി.എസ്.സി, സംവരണം എന്നിങ്ങനെയൊന്നും തന്നെ ഇവരെ ബാധിക്കുന്നില്ല.


2011ല്‍ സംരക്ഷിത അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിന്യസിക്കാന്‍ വേണ്ടി ഒരു ടീച്ചേര്‍സ് ബാങ്ക് ഉണ്ടാക്കി. പിന്നീടുള്ള നിയമനങ്ങള്‍ ഈ ബാങ്ക് അടിസ്ഥിതമായിട്ടായിരുന്നു. സംരക്ഷിത അധ്യാപകരുടെ നിയമനം ശാസ്ത്രീയമായ രീതിയിലാക്കാന്‍ വേണ്ടിയാണ് ടീച്ചേഴ്സ് ബാങ്ക് എന്ന സംവിധാനം സര്‍ക്കാര്‍ കൊണ്ടുവന്നത്.

വലിയ അനീതി നടക്കുന്നുണ്ടെന്നാണ് പൊതുപ്രവര്‍ത്തകനായ ഒ.പി രവീന്ദ്രന്‍ പറയുന്നത്. “ഇവരില്‍ ആരും തന്നെ പി.എസ്.സി പാസ് ആയവരല്ല. ഒറ്റപ്പെട്ട സമരങ്ങളും, സംഘടിത പ്രതിഷേധങ്ങളും ഇതിനെതിരെ നടക്കുന്നുണ്ട്. പി.എസ്.സി റാങ്ക്ഹോള്‍ഡേഴ്‌സിന്റെ സംഘടന ഇതിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുകയും, കേസ് കൊടുക്കുകയും ചെയ്തിരുന്നു. കേസുകള്‍ ഹൈക്കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.”

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒഴിവുകള്‍ രഹസ്യമായി വെച്ചുകൊണ്ടും, അതിനെ മറ്റു രീതികളില്‍ മാറ്റി മറിച്ചുകൊണ്ടും പി.എസ്.സി റാങ്ക്ഹോള്‍ഡേഴ്‌സിന് അവകാശപ്പെട്ട പല തസ്തികകളിലേക്കുമാണ് ഇവരെ നിയമിക്കുന്നതെന്നാണ് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ആരോപിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ടാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ മേഖലയില്‍ റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനങ്ങള്‍ വൈകുന്നതെന്നും ഇവര്‍ പറയുന്നു.

പി.എസ്.സിയുടെ ഒഴിവുകളില്‍ ഒന്നും തന്നെ സംരക്ഷിത അധ്യാപകരെ നിയമിച്ചിട്ടില്ലെന്നാണ് ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷനായ മോഹന്‍കുമാര്‍ പറയുന്നത്. “ഇവരെ വിവിധ തസ്തികകളില്‍ നിയമിച്ചിട്ടുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവില്‍ ഇല്ലാത്ത കേസിലും, പി.എസ്.സി നടപടികള്‍ നടത്തിക്കൊണ്ടു വരുന്ന കേസിലുമാണ് സംരക്ഷിത അധ്യാപകരെ നിയമിച്ചിട്ടുള്ളത്.”

സര്‍ക്കാര്‍ നയപ്രകാരം, എപ്പോഴാണോ പി.എസ്.സി വഴി നിയമനം നടക്കുന്നത്, അപ്പോള്‍ സംരക്ഷിത അധ്യാപകര്‍ ആ സ്ഥാനത്ത് നിന്ന് മാറണം. ക്ലസ്റ്റര്‍ റിസോഴ്‌സ് കോര്‍ഡിനേറ്റര്‍ ആയിട്ടാണ് ജില്ലയിലെ സംരക്ഷിത അധ്യാപകരെ നിയമിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ അങ്ങനെയുള്ള 110ഓളം കോര്‍ഡിനേറ്റര്‍മാരാണ് ഉള്ളതെന്നാണ് സര്‍വ്വ ശിക്ഷ അഭിയാന്റെ കോഴിക്കോട് പ്രൊജക്റ്റ് ഓഫീസറായ ജയകൃഷ്ണന്‍ പറയുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ പോകുന്ന ബി.ആര്‍.സി, എസ്.എസ്.എ. പോലെയുള്ള തസ്തികകകളില്‍ സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതോടുകൂടി ആ അവസരങ്ങള്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നഷ്ടമായെന്നാണ് വീണ പറയുന്നത്.

പൂനൂര്‍ ജി.എം.യു.പി. സ്‌കൂളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നതിന് ഒരു സംരക്ഷിത അധ്യാപികയാണുള്ളത്. ജി.എച്ച്.എസ്. ആതവനാട്, പരിതിയില്‍ ഹൈസ്‌കൂളിലെ 15 അധ്യാപകരില്‍ 7 പേര്‍ സംരക്ഷിത അധ്യാപകരാണെന്ന് അവിടുത്തെ പ്രധാനാദ്ധ്യാപികയായ റെജി ഡൂള്‍ന്യൂസിനോട് പറഞ്ഞു. “നമ്മള്‍ പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്, അതിലേക്കുള്ള നിയമനത്തെ കുറിച്ച് അവരാണ് തീരുമാനം എടുക്കേണ്ടത്.”

ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുകൊണ്ടാണ് നിയമനങ്ങള്‍ നടക്കാതെ പോകുന്നത്. ഒഴിവുകളുടെ റാങ്ക് ലിസ്റ്റ് ആയാലും, വിജ്ഞാപനം വിളിക്കുന്നതായാലും, എല്ലാം വളരെ വൈകിയാണ് നടക്കുന്നത്. ഒരു വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ നാല് മുതല്‍ ഏഴു വര്‍ഷം വരെ കഴിഞ്ഞാണ് അടുത്തത് വരുന്നത്. വളരെ കുറച്ച് നിയമനങ്ങളെ നടക്കുന്നുള്ളൂ എന്നണ് പി.എസ്.സി റാങ്ക്ഹോള്‍ഡേഴ്‌സ് സംഘടന പറയുന്നത്.

പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒരു ഒഴിവിലേക്കും സംരക്ഷിത അധ്യാപകരെ നിയമിച്ചിട്ടില്ലെന്നാണ് കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറിയായ ഹരികൃഷ്ണന്‍ പറഞ്ഞത്. “പി.എസ്.സി. ഇതുവരെ ഇല്ലാത്ത സ്ഥാനങ്ങളിലേക്കാണ് സംരക്ഷിത അധ്യാപകരെ മാറ്റിയിട്ടുള്ളത്. പി.എസ്.സി. ഉള്ളവര്‍ ആ സ്ഥാനങ്ങളിലേക്ക് വരുമ്പോള്‍ അവരെ അവിടെ നിന്ന് മാറ്റി പുനര്‍വിന്യസിക്കും. പി.എസ്.സി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി റാങ്ക് ഹോള്‍ഡേഴ്സ് ഈ ഒഴിവുകളിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും സംരക്ഷിത അധ്യാപകര്‍ പുറത്തേക്ക് പോകും.”

അധ്യാപകന്‍ ഇല്ലാത്ത ഒരു ഘട്ടം ഉണ്ടാകുമ്പോള്‍ മാത്രമാണ് അവിടെ സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതെന്നാണ് ഹരികൃഷ്ണന്‍ പറയുന്നത്. മാതൃസ്ഥാപനങ്ങളില്‍ തസ്തിക വരുമ്പോള്‍ അവരെ തിരിച്ച് വിളിക്കണമെന്ന് ചട്ടമുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ലെന്നാണ് രവീന്ദ്രന്‍ പറയുന്നത്.

2012ലാണ് എല്ലാ വിഷയങ്ങള്‍ക്കും ഹൈസ്‌കൂള്‍ അസിസ്റ്റന്റിനെ വിളിക്കുന്നത്. അതില്‍ മൂന്ന് വിഷയങ്ങള്‍ക്ക് മാത്രമാണ് 2016-17 വര്‍ഷങ്ങളില്‍ റാങ്ക് ലിസ്റ്റ് വന്നത്. ബാക്കി വിഷയങ്ങളില്‍ ഒഴിവുകള്‍ ഏറെയുണ്ടെങ്കിലും റാങ്ക് ലിസ്റ്റ് ഇതുവരെ വന്നിട്ടില്ല എന്ന് വീണ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പി.എസ്.സി പ്രകാരമുള്ള നിയമനങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നത്. അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശം നല്‍കുന്നുണ്ട്. എന്നാല്‍ അത് പാലിക്കാത്തതിനെതിരെ നടപടി ഒന്നും എടുക്കുന്നില്ലെന്ന് രവീന്ദ്രന്‍ പറയുന്നു.

എയ്ഡഡ് മേഖലയില്‍ കാശ് കൊടുക്കുന്നവര്‍ക്ക് അധ്യാപകരാവാം. കുട്ടികള്‍ കുറഞ്ഞു എന്ന് പറഞ്ഞു തസ്തികയില്ലാതെ നില്‍ക്കുന്ന ഒരുപാട് അധ്യാപകരുണ്ട്. ഭൂരിഭാഗം അധ്യാപകരും വെളിയില്‍ നില്‍ക്കുന്നത് ഇല്ലാത്ത തസ്തികകളില്‍ നിയമനം നടത്തിയത് കൊണ്ടാണ്. എയ്ഡഡ് മേഖലയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം ഉള്ളത് കൊണ്ടാണ് ഇല്ലാത്ത തസ്തികകളില്‍ നിയമനം നടത്താന്‍ മാനേജ്മെന്റുകള്‍ ധൈര്യം കാട്ടുന്നത് – വീണ പറയുന്നു.

ഹരികൃഷ്ണന്റെ വാക്കുകളില്‍ – എല്ലാ ഒഴിവുകളും പി.എസ്.സിക്കുള്ളതല്ല. പ്രൈമറിയില്‍ നിന്ന് പ്രൊമോഷന്‍ ആകേണ്ടവ,സംവരണത്തില്‍ പെട്ടവ, മിനിസ്റ്റീരിയല്‍ സ്റ്റാഫിനുള്ളവ എന്നിവയാണ്.

വിവിധ സാങ്കേതിക തടസ്സങ്ങളുടെ പേരില്‍ സംരക്ഷിത അധ്യാപകരെയാണ് നിയമിക്കപെടുന്നതെന്നാണ് പി.എസ്.സി റാങ്ക്ഹോള്‍ഡേഴ്‌സ് സംഘടന പറയുന്നത്. റാങ്ക് ലിസ്റ്റ് നിലവില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ സംരക്ഷിത അധ്യാപകരെ നിയമിക്കാന്‍ പറ്റൂ, അതിനായി റാങ്ക് ലിസ്റ്റ് ഇല്ലാണ്ടാക്കുക, എന്നിട്ട് അതിന്റെ പേരില്‍ സംരക്ഷിത അധ്യാപകരെ നിയമിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം എന്ന് ഇവര്‍ ആരോപിക്കുന്നു.

ഒരു വശത്ത് സംവരണവും റാങ്ക് ലിസ്റ്റും കാത്തിരിക്കുന്നവര്‍, മറുവശത്ത് യാതൊരു നിബന്ധനകളും കൂടാതെ പൂര്‍ണ്ണ ആനുകൂല്യത്തോടെ സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്നവര്‍. ഘോരമായ ചട്ടലംഘനം നടക്കുന്നു എന്നാണ് റാങ്ക്ഹോള്‍ഡേഴ്‌സിന്റെ ആരോപണം.