നടനും സംവിധായകനും പാട്ടുകാരനുമായ വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടന്മാരിൽ ഒരാളാണ് അജു വർഗീസ്. വിനീതിന്റെ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലെ കുട്ടു എന്ന കഥാപാത്രം അജുവിന് വെള്ളിത്തിരയിലേക്കുള്ള വഴി മാത്രമായിരുന്നു. പിന്നീട് ഹാസ്യകഥാപാത്രങ്ങളായും, സഹനടനായും, നടനായും ഇന്ന് മലയാള സിനിമയിൽ സജീവമാണ് താരം.
സുഹൃത്തുക്കൾ കാരണം സിനിമയിൽ നിൽക്കുന്നൊരാൾ എന്ന് കേൾക്കുന്നതിൽ അപമാനമല്ല പകരം അഭിമാനമാണ് തോന്നുന്നതെന്ന് പറയുകയാണ് അജു. സ്‌പോട്ലൈറ്റിനു നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
‘എന്നെ അപമാനിക്കാൻ വേണ്ടി ഒരാൾ ഇട്ട കമന്റായിരുന്നു അത്. എനിക്ക് അപമാനത്തിന് പകരം അഭിമാനമാണ് തോന്നിയത്. വേറൊന്നുംകൊണ്ടല്ല അങ്ങനെ എത്ര പേർക്ക് പറ്റും. ഇപ്പോഴും എന്റെ സുഹൃത്തുക്കൾ എന്നെ സഹായിക്കാറുണ്ട്. അതത്ര എളുപ്പമാണെന്ന് എനിക്ക് തോന്നുന്നില്ല.’ അജു പറഞ്ഞു.

അജു വർഗീസ്.Photo.Screen Grab/IMDb
ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയപ്പോൾ മെയിൻ റോളിലേക്കും ഓഫറുകൾ വന്നെങ്കിലും അഭിനയം പഠിച്ച് തുടങ്ങിയിട്ടേയുള്ളൂവെന്ന കാരണത്താലാണ് അത്തരം വേഷങ്ങൾ സ്വീകരിക്കാതിരുന്നതെന്ന് താരം പറഞ്ഞു. ലീഡ് വേഷങ്ങൾ ചെയ്യാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് കിട്ടിയ ചെറിയ വേഷങ്ങൾക്കെല്ലാം പോയതെന്നും അജു കൂട്ടിച്ചേർത്തു.
നായക നടനാവണമെന്ന് താനാഗ്രഹിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അതിനു വേണ്ടി എഫേർട്ട് ഇടാൻ തോന്നിയില്ലെന്നും നടൻ വ്യക്തമാക്കി. ‘മലർവാടി ആർട്സ് ക്ലബ്ബി’ലെ കഥാപാത്രമാണ് തനിക്ക് എപ്പോഴും പ്രിയപ്പെട്ട കഥാപാത്രമെന്നും ബാക്കി കഥാപാത്രങ്ങളെല്ലാം അതിനു ശേഷം വന്നത് മാത്രമാണെന്നും താരം പറഞ്ഞു. കുട്ടു ഒഴികെ വേറെ കഥാപാത്രങ്ങൾ മനസ്സിലുണ്ടെങ്കിലും അവരെ താൻ ക്യാരി ചെയ്യാറില്ലെന്നും അജു വ്യക്തമാക്കി.
തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, വെള്ളിമൂങ്ങ, മിന്നൽ മുരളി, ഫീനിക്സ്, ഒരേ മുഖം തുടങ്ങിയവയാണ് അജു അഭിനയിച്ച പ്രധാന സിനിമകൾ. കേരള ക്രൈം ഫയൽസ്, പെരില്ലൂർ പ്രീമിയർ ലീഗ്, ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്നീ വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമക്ക് പുറമെ ‘ഫന്റാസ്റ്റിക് ഫിലിംസ്’ എന്ന ചലച്ചിത്ര കമ്പനിയുടെ സഹ-ഉടമ കൂടിയാണ് അജു വർഗീസ്.
Content Highlight: Proud to be known as someone who remains in the film industry thanks to friends said Aju Varghese
