എട്ട് ദിവസമായിട്ടും ഷിജിനെ കണ്ടെത്തിയില്ല; മഴയത്തും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍
Kerala
എട്ട് ദിവസമായിട്ടും ഷിജിനെ കണ്ടെത്തിയില്ല; മഴയത്തും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍
റെന്വര്‍ പി
Friday, 7th August 2026, 4:19 pm

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയപ്പോള്‍ മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കാണാതായ ഷിജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുമ്പാകെ പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍.

എട്ട് ദിവസം മുമ്പാണ് ഷിജിനെ കാണാതായത്. ഒരാഴ്ചയിലധികം പിന്നിട്ടിട്ടും ഷിജിനെ കണ്ടെത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതോടെയാണ് കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്.

ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് അധികാരികളുടെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഷിജിന്റെയൊപ്പം കടലില്‍ പോയ മറ്റൊരാളെയും കാണാതായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഷിജിനെ കണ്ടെത്താന്‍ തിരച്ചില്‍ സംഘത്തിന് കഴിഞ്ഞില്ല.

ഷിജിനെ കണ്ടെത്താന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നുണ്ട്. മഴയത്ത് പോലും പൊലീസ് സ്റ്റേഷന് മുന്നിലിരുന്ന് ഷിജിന്റെ കുടുംബം പ്രതിഷേധിച്ചു. കുട്ടികളും വയോധികരും അടങ്ങുന്ന കുടുംബാംഗങ്ങളും ബന്ധുക്കളും പ്രതിഷേധിക്കുന്നുണ്ട്. മഴയായാലും വെയിലായാലും പ്രതിഷേഝം തുടരുമെന്ന് ഷിജിന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

‘എന്റെ ഭര്‍ത്താവ് എവിടെ? എട്ടു ദിവസമായി. ഇവര്‍ എന്താണ് എന്റെ ഭര്‍ത്താവിനെ കണ്ടെത്താന്‍ ചെയ്യുന്നത്,’ ഷിജിന്റെ ഭാര്യ ചോദിച്ചു. തന്റെ ഭര്‍ത്താവിനെ കണ്ടെത്തുന്നതിനായി നടപടി ഉണ്ടാകുന്നത് വരെ കുഞ്ഞുങ്ങളുമായി പ്രതിഷേധിക്കുമെന്നും ഷിജിന്റെ ഭാര്യ പ്രതികരിച്ചു.

Content Highlight: Protest of Family of Missing Fisherman Against Inaction From Government Side

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.