115 കോടിക്ക് പറഞ്ഞ സിനിമ തീര്‍ത്തത് 170 കോടിക്ക്, മുരുകദോസിനോട് 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നിര്‍മാതാവ്
Indian Cinema
115 കോടിക്ക് പറഞ്ഞ സിനിമ തീര്‍ത്തത് 170 കോടിക്ക്, മുരുകദോസിനോട് 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നിര്‍മാതാവ്
അമര്‍നാഥ് എം.
Sunday, 29th March 2026, 9:25 pm

വലിയ ഹൈപ്പിലെത്തുകയും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനുണ്ടാക്കാതെ പോവുകയും ചെയ്ത ചിത്രമാണ് മദിരാശി. അമരന്റെ വന്‍ വിജയം ആവര്‍ത്തിക്കുമെന്ന് കരുതിയ ചിത്രം ആരാധകരെ നിരാശപ്പെടുത്തി. ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു.

ഇപ്പോഴിതാ ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍. മുരുകദാസിനെതിരെ നിര്‍മാതാവ് കേസ് കൊടുത്തെന്നാണ് റിപ്പോര്‍ട്ട്. 40 കോടിയുടെ നഷ്ടം ചിത്രം സമ്മാനിച്ചെന്നാണ് നിര്‍മാതാവ് അവകാശപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 115 കോടിയായിരുന്നു മദിരാശിക്ക് ആദ്യം കണക്കുകൂട്ടിയ ബജറ്റ്.

എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കിയപ്പോള്‍ 170 കോടിയായെന്നും പ്രതീക്ഷിച്ച കളക്ഷന്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ മുരുകദോസിനോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നാണ് തമിഴ് യൂട്യൂബ് ചാനലായ ടൂറിങ് ടോക്കീസ് പറയുന്നത്. സംവിധായകന്‍ ഇതിന് പകരം മറ്റൊരു പോംവഴി മുന്നോട്ടുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ എഴുതിക്കൊണ്ടിരിക്കുന്ന രമണ 2ന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ പ്രതിഫലം വാങ്ങാതെ ആ ചിത്രം നിര്‍മാതാക്കള്‍ക്ക് വേണ്ടി ചെയ്യാന്‍ മുരുകദോസ് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡയറക്ടര്‍& പ്രൊഡ്യൂസര്‍ കൗണ്‍സിലിന് മുന്നില്‍ സംവിധായകന്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

മദിരാശിയുടെ ഷൂട്ടിനിടയില്‍ സല്‍മാന്‍ ഖാനെ നായകനാക്കിയ സിക്കന്ദറിന്റെ ഷൂട്ടും ഒരേസമയം മുരുകദോസ് പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് ചിത്രങ്ങളെയും ഇത് സാരമായി ബാധിക്കുകയായിരുന്നു. സിക്കന്ദര്‍ സല്‍മാന്‍ ഖാന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറിയപ്പോള്‍ മദിരാശിയും ട്രോള്‍ മെറ്റീരിയലായി മാറി. തുപ്പാക്കി, ഗജിനി പോലെ ഗംഭീര സിനിമകളൊരുക്കിയ മുരുകദോസില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത കഥയായിരുന്നു മദിരാശിയുടേത്.

തമിഴ്‌നാട്ടിലേക്ക് അനധികൃതമായി കടത്തുന്ന തോക്കുകളുടെ വരവ് തടയാന്‍ എന്‍.ഐ.എ ശ്രമിക്കുന്നതും അതിനിടയിലേക്ക് നായകനായ രഘു കടന്നുവരുന്നതുമാണ് മദിരാശിയുടെ കഥ. കന്നഡ താരം രുക്മിണി വസന്തായിരുന്നു ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിദ്യുത് ജംവാളിന്റെ വില്ലന്‍ വേഷവും അനിരുദ്ധിന്റെ സംഗീതവും മാത്രമായിരുന്നു ചിത്രത്തിലെ പ്രധാന പോസിറ്റീവ്.

Content Highlight: Producer of Madhiraasi demanded compensation to A R Murugadoss for the loss

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം