കോഴിക്കോട്: മമ്മൂട്ടിയുടെ എക്കാലത്തേയും മെഗാഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ആവേശത്തിന്റെ അലയടങ്ങും മുമ്പ് തന്നെ ചിത്രത്തിന്റെ പേര് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിത്രത്തിന്റെ പകര്‍പ്പവകാശം നല്‍കില്ലെന്ന് പഴയ പതിപ്പിന്റെ നിര്‍മ്മാതാവ് പറഞ്ഞതോടെയാണ് ചിത്രം വെട്ടിലായത്. ചിത്രത്തിന്റെ പേരും പോസ്റ്ററും ഉപയോഗിച്ച് ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും നിര്‍മ്മാതാവ് പറഞ്ഞു.
പഴയ സിനിമയുടെ പേര് ഉപയോഗിച്ച് പുതിയ ചിത്രം ഇറക്കാനാവില്ലെന്ന് സംവിധായകന്‍ ടി.എസ് സുരേഷ് ബാബുവും രംഗത്തെത്തി.
എന്നാല്‍ എതിര്‍പ്പുണ്ടെങ്കില്‍ ചിത്രത്തിന്റൈ പേര് മാറ്റാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബു.
ആദ്യഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകരോട് സംസാരിച്ചാണ് ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചതെന്നും വിജയ്ബാബു ഏഷ്യാനെറ്റിനോട് പറഞ്ഞു.
അലമാര, ആട് ഒരു ഭീകരജീവിയാണ്, ആന്‍മേരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന മിഥുന്‍ മാനുവലാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം താന്‍ സംവിധാനം ചെയ്യാന്‍ പോവുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഫ്രൈഡേ ഫിലിം ഹൗസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്നേഹം അവതരിപ്പിക്കുന്നു കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാണ് മിഥുന്‍ ചിത്രത്തിന്റെ പോസ്റ്ററിനോടൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
1990 മാര്‍ച്ചിലായിരുന്നു കുഞ്ഞച്ചന്റെ മാസ്സ് വരവ്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മമ്മൂക്കയുടെ കുഞ്ഞച്ചന്‍ എന്ന അച്ചായന്‍ കഥാപാത്രം മലയാളത്തില്‍ അതേ മാസ് മുഖത്തോടു കൂടി നില്‍ക്കുകയാണ്. രഞ്ജിന നായികയായ ചിത്രത്തില്‍ ഇന്നസെന്റ്, കെപിഎസി ലളിത, സുകുമാരന്‍, ബാബു ആന്റണി തുടങ്ങി മലയാള സിനിമയിലെ താരങ്ങളുടെ നിര തന്നെയുണ്ടായിരുന്നു.
