ഏറെ സംശയത്തോടെ ചെയ്ത ആ സിനിമ വര്‍ക്കായി: പ്രിയദര്‍ശന്‍
Malayalam Cinema
ഏറെ സംശയത്തോടെ ചെയ്ത ആ സിനിമ വര്‍ക്കായി: പ്രിയദര്‍ശന്‍
ശ്രീരാഗ് പാറക്കല്‍
Monday, 15th June 2026, 11:30 pm

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഒട്ടേറെ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രത്യേകിച്ച് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഭൂരിഭാഗവും വന്‍ വിജയങ്ങളായി മാറിയിരുന്നു. എന്നാല്‍, താന്‍ ഏറെ പ്രതീക്ഷയോടെ ഒരുക്കിയ ചില സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് തുറന്നുപറയുകയാണ് ഇപ്പോള്‍ പ്രിയദര്‍ശന്‍. ക്യു സ്റ്റുഡിയോയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഒരു സിനിമയും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ചെയ്യാറില്ല. അത് റീമേക്ക് ആണോ ഒറിജിനല്‍ ആണോ എന്നൊന്നും ചിന്തിക്കാറില്ല. ഇഷ്ടപ്പെടുന്ന ഒരു കഥ സിനിമയാക്കുന്നു എന്നുമാത്രം. എനിക്ക് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസമുണ്ടായിരുന്ന ചിത്രങ്ങളാണ് മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയവ. പക്ഷേ അവ പ്രതീക്ഷിച്ച രീതിയില്‍ ഓടിയില്ല. മറുവശത്ത്, ഏറെ സംശയത്തോടെയാണ് തേന്മാവിന്‍ കൊമ്പത്ത് ചെയ്തത്. എന്നാല്‍ അത് വര്‍ക്കായി. ഇന്നും ഏത് സിനിമയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുക, ഏതാണ് പരാജയപ്പെടുക എന്നത് എനിക്ക് ഇന്നും അറിയില്ല,’ പ്രിയദര്‍ശന്‍ പറഞ്ഞു.

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച അവസാന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആയിരുന്നു. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രത്തിന് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല.

അതേസമയം, തന്റെ നൂറാമത്തെ സിനിമയുടെ ഒരുക്കത്തിലാണ് പ്രിയദര്‍ശന്‍. ചിത്രത്തില്‍ നായകനായി എത്തുന്നത് മോഹന്‍ലാലാണ്. സംഗീതവും നാടകീയ മുഹൂര്‍ത്തങ്ങളും ആക്ഷനും നിറഞ്ഞ ഒരു സിനിമയായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ആന്റണി പെരുമ്പാവൂര്‍, ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ഒരുമിച്ചുള്ള വീഡിയോയിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ബിനു ജോര്‍ജ് അലക്‌സാണ്ടറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം, പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രം ഭൂത് ബംഗ്ലായാണ്. അക്ഷയ് കുമാര്‍ നായകനായ ചിത്രത്തിലൂടെ 14 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനും അക്ഷയ് കുമാറും വീണ്ടും ഒന്നിച്ചു. അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Priyadarshan Talking About Thenmavin Kombath Malayalam Movie

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ