മൂന്നാം ഭാഗത്തിന്റെ ഒരു കഥാധാരണ മുരളിക്കുണ്ട്, അതെന്നോട് ഷെയര്‍ ചെയ്തിട്ടുമുണ്ട്; L3യെ കുറിച്ച് പൃഥ്വിരാജ്
Malayalam Cinema
മൂന്നാം ഭാഗത്തിന്റെ ഒരു കഥാധാരണ മുരളിക്കുണ്ട്, അതെന്നോട് ഷെയര്‍ ചെയ്തിട്ടുമുണ്ട്; L3യെ കുറിച്ച് പൃഥ്വിരാജ്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 2nd July 2026, 9:25 pm

മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍. ചിത്രം വലിയ സാധ്യതകളായിരുന്നു മലയാള സിനിമയ്ക്ക് തുറന്ന് നല്‍കിയത്. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയെയും സല്‍മാന്‍ ഖാനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചിത്രം ഗോഡ്ഫാദര്‍ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു.

എന്നാല്‍ അതിലും വലിയ ആവേശത്തിലായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനെ പ്രേക്ഷകര്‍ സ്വീകരിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനില്‍ നിന്നും അബ്രാഹാം ഖുറേഷി എന്ന അധോലോക നായകനായുള്ള കഥാപാത്രത്തിന്റെ മാറ്റത്തിന് വലിയ സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. ആഗോളതലത്തില്‍ 260 കോടിയായിരുന്നു ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ ചിത്രത്തിലെ ഗുജറാത്ത് കലാപമടക്കം പ്രതിപാദിക്കുന്ന രംഗങ്ങള്‍ക്കെതിരെ വലിയ വിവാദങ്ങളും ഉയര്‍ന്നിരുന്നു.

ലൂസിഫര്‍. Photo: IMDB

ഒരു ട്രിലോജിയായാണ് ചിത്രങ്ങള്‍ ഒരുക്കിയതെന്ന് സംവിധായകന്‍ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും നേരത്തേ പറഞ്ഞിരുന്നു. ലൂസിഫറിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് തിരക്കഥാകൃത്തും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും നേരത്തേ പറഞ്ഞിരുന്നു. മൂന്നാം ഭാഗത്തിന്റെ സാധ്യതകളെ സംസാരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.

‘മൂന്നാം ഭാഗം തീര്‍ച്ചയായും പ്ലാനിലുണ്ട്. കാരണം മുരളി പലപ്പോഴും പറയുന്നത് പോലെ എമ്പുരാന്‍ എന്നുള്ളത് അതിന്റെ നടുക്കുള്ള ഒരു പോര്‍ഷന്‍ മാത്രമാണ്. ലൂസിഫര്‍ ചെയ്യുമ്പോള്‍ അതിന് രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ ഉണ്ടാകുമോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. എന്നാല്‍ എമ്പുരാന്‍ ചെയ്യുമ്പോള്‍ ഇതിന്റെ മൂന്നാം ഭാഗം ചെയ്യാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ഒരു കോണ്‍ഫിഡന്‍സ് ഉണ്ട്. ആ ആത്മവിശ്വാസത്തിലാണ് രണ്ടാം ഭാഗത്തില്‍ ഇത്രയൊക്കെ കാര്യങ്ങള്‍ പറഞ്ഞാല്‍ മതിയെന്നും ഇതിന്റെ ആര്‍ക്ക് വരുന്നത് മൂന്നാം ഭാഗത്തിലാണെന്നുമുള്ള ചിന്ത വരുന്നത്.

എമ്പുരാന്‍. Photo: Time line daily

തീര്‍ച്ചയായിട്ടും തേര്‍ഡ് പാര്‍ട്ടിനെ കുറിച്ചുള്ള ഒറു കഥാധാരണ മുരളിയ്ക്കുണ്ട്. അത് അദ്ദേഹം എന്നോട് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനെ കുറിച്ച് ഒരുപാട് എക്‌സൈറ്റഡാണ്, ചെയ്യണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ അത്രയും വലിയ പരിപാടി ആയതിനാലും ഞാന്‍ സിനിമ ചെയ്യുന്ന രീതി പ്രകാരം അത്രയും സമയം ഞാനതിന് വേണ്ടി മാറ്റിവെക്കേണ്ടിയും വരുന്നതും വലിയ വെല്ലുവിളിയാണ്. പക്ഷേ തീര്‍ച്ചയായും ഞാനും ആന്റണിയും മുരളിയും ലാലേട്ടനും എല്ലാം ഉറ്റുനോക്കുന്ന സിനിമ തന്നെയാണത്,’ പൃഥ്വിരാജ്.

Content Highlight: Prithviraj Sukumaran talks about the third part of Lucifer

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.