അയാള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ കണ്ണെടുക്കാന്‍ തോന്നിയിരുന്നില്ല, എനിക്ക് ഒരുപാട് കണക്ടായ സിനിമയായിരുന്നു അത്: പൃഥ്വിരാജ്
Malayalam Cinema
അയാള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ കണ്ണെടുക്കാന്‍ തോന്നിയിരുന്നില്ല, എനിക്ക് ഒരുപാട് കണക്ടായ സിനിമയായിരുന്നു അത്: പൃഥ്വിരാജ്
അമര്‍നാഥ് എം.
Thursday, 2nd July 2026, 11:15 am

സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടാനും അത് കാത്തുസൂക്ഷിക്കാനും സാധിച്ചിട്ടുള്ള നടന്മാരിലൊരാളാണ് പൃഥ്വിരാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച സ്വപ്‌നം ഇന്ന് പൂര്‍ത്തിയാക്കുകയും ബ്രഹ്‌മാണ്ഡ സിനിമകളുടെ ഭാഗമാവുകയും ചെയ്ത പൃഥ്വി സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഐ, നോബഡി റിലീസിന് തയാറെടുക്കുകയാണ്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പൃഥ്വി നല്‍കിയ അഭിമുഖം വൈറലായി. ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിനിടെ തന്നെ അത്ഭുതപ്പെടുത്തിയ സിനിമകളെക്കുറിച്ചും പെര്‍ഫോമന്‍സുകളെക്കുറിച്ചും താരം സംസാരിച്ചു. ഒരുപാട് സിനിമകള്‍ തന്നെ വിസ്മയിപ്പിച്ചിട്ടുണ്ടെന്നും ഒരെണ്ണം മാത്രം പറയുന്നത് പ്രയാസമാണെന്നും പൃഥ്വി പറഞ്ഞു.

പൃഥ്വിരാജ് Photo: Screen grab/ Galatta Plus

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഒരു സിനിമയും പെര്‍ഫോമന്‍സും ഇപ്പോഴും തന്റെ മനസിലുണ്ടെന്നും അധികമാരും ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് ഇതിഹാസമായ ജാക്ക് നിക്കോള്‍സണ്‍ കേന്ദ്ര കഥാപാത്രമായ എബൗട്ട് സ്മിത്താണ് ആ ചിത്രമെന്ന് പൃഥ്വി പറയുന്നു.

‘എത്രപേര്‍ ആ സിനിമ കണ്ടിട്ടുണ്ടെന്നറിയില്ല, കണ്ടവര്‍ക്കെല്ലാം ഇഷ്ടപ്പെട്ട ഒന്നാണത്. ജാക്ക് നിക്കോള്‍സണ്‍ എന്ന ലെജന്‍ഡിന്റെ ഗംഭീര പെര്‍ഫോമന്‍സുകളിലൊന്നാണ് ആ സിനിമയില്‍. എന്താ പറയുക, അദ്ദേഹം പെര്‍ഫോം ചെയ്യുമ്പോള്‍ എനിക്ക് കണ്ണെടുക്കാന്‍ തോന്നിയിരുന്നില്ല. പല സീനുകളിലും അദ്ദേഹത്തിന്റെ ക്ലോസ് റേഞ്ചിലാണ് ക്യാമറ വെച്ചിരുന്നത്.

എബൗട്ട് സ്മിത്ത്‌ Photo: Prime Video

ജാക്ക് നിക്കോള്‍സണിന്റെ സിനിമയെന്ന് പറയുമ്പോള്‍ പലര്‍ക്കും ഷൈനിങ്ങിലെ സൈക്കോയും സൈക്ക് ഔട്ടുമൊക്കെയാകും ഓര്‍മ വരിക. ഈ സിനിമയില്‍ ഭാര്യയെ നഷ്ടപ്പെട്ട ഒരാളായിട്ടാണ് അദ്ദേഹം വേഷമിട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സിനിമ കാണുമ്പോള്‍ ഇതിലെ കഥയും കഥാപാത്രങ്ങളുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. ആ കഥാപാത്രം കടന്നുപോയ അവസ്ഥകള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നിട്ടും സ്മിത് എന്ന കഥാപാത്രം എനിക്ക് ഒരുപാട് കണക്ടായി,’ പൃഥ്വിരാജ് പറയുന്നു.

റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ, നോബഡി. രാജീവന്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ പൃഥ്വി വേഷമിടുന്നത്. പാര്‍വതി തിരുവോത്താണ് നായിക. ശങ്കര്‍ രാമകൃഷ്ണന്‍, നിഷാന്ത് സാഗര്‍, ഹക്കിം ഷാ, ഖാലിദ് റഹ്‌മാന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രം ജൂലൈ ഒമ്പതിന് തിയേറ്ററുകളിലെത്തും.

Content Highlight: Prithviraj shares an unforgettable performance of an actor he watched

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം