ആ പ്രൊജക്ട് ഒന്ന് ഓണാക്ക് വൈശാഖേ, ബിഗ് എംസും പൃഥ്വിയും ഒന്നിച്ചുള്ള സിനിമ ചര്‍ച്ച ചെയ്ത് സിനിമാപേജുകള്‍
Malayalam Cinema
ആ പ്രൊജക്ട് ഒന്ന് ഓണാക്ക് വൈശാഖേ, ബിഗ് എംസും പൃഥ്വിയും ഒന്നിച്ചുള്ള സിനിമ ചര്‍ച്ച ചെയ്ത് സിനിമാപേജുകള്‍
അമര്‍നാഥ് എം.
Monday, 17th August 2026, 5:45 pm

സൂപ്പര്‍താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള മാസ് മസാല കൊമേഷ്‌സ്യല്‍ എന്റര്‍ടൈനറുകള്‍ ഒരുകാലത്ത് മലയാളത്തില്‍ ധാരാളമായി പുറത്തുവന്നിരുന്നു. എന്നാല്‍ സമീപകാലത്ത് അത്തരം മാസ് എന്റര്‍ടൈനറുകള്‍ക്ക് മോളിവുഡില്‍ ക്ഷാമം സംഭവിച്ചിരിക്കുകയാണ്. ഒന്നിലധികം താരങ്ങള്‍ അണിനിരക്കുന്ന ക്ലാസ് സിനിമകളുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് കൈയടിച്ച് ആഘോഷിക്കാന്‍ കഴിയുന്ന ഒരു സിനിമ വന്നിട്ട് ഒരുപാട് കാലമായി.

കഴിഞ്ഞദിവസം ഖലീഫയുടെ പ്രൊമോഷന്‍ ഇവന്റിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഖലീഫക്ക് മുമ്പ് വൈശാഖിനൊപ്പം താന്‍ ചെയ്യാനിരുന്ന പ്രൊജക്ടിനെക്കുറിച്ചായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. തന്നെയും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അണിനിരത്തിക്കൊണ്ടുള്ള പ്രൊജക്ട് ഡിസ്‌കഷനിലുണ്ടായിരുന്നെന്നാണ് താരം വെളിപ്പെടുത്തിയത്.

‘എന്നെയും ലാലേട്ടനെയും മമ്മൂക്കയെയും കാസ്റ്റ് ചെയ്തുകൊണ്ടുള്ള ഒരു പ്രൊജക്ട് വൈശാഖ് സംവിധാനം ചെയ്യാനിരുന്നതായിരുന്നു. ഉദയകൃഷ്ണ- സിബി കെ. തോമസ് എന്നിവരുടെ സ്‌ക്രിപ്റ്റില്‍ ഒരുങ്ങാനിരുന്ന പ്രൊജക്ട് ഏതാണ്ട് സ്റ്റാര്‍ട്ടാകാനിരുന്നതുമാണ്. പക്ഷേ, ചില കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയി. ഭാവിയില്‍ ആ പ്രൊജക്ട് നടന്നേക്കാമെന്നാണ് പ്രതീക്ഷ,’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിയുടെ ഈ വാക്കുകള്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്തു. ഒന്നിലധികം താരങ്ങളെ അണിനിരത്തി സിനിമ ചെയ്യാന്‍ നിലവില്‍ ഏറ്റവും കഴിവുള്ള സംവിധായകരിലൊരാള്‍ വൈശാഖ് തന്നെയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലു സിങ് എന്നിവ അതിന് ഉദാഹരണമാണെന്നും കമന്റുകളുണ്ട്.

എന്നാല്‍ ഈ താരങ്ങളെ അണിനിരത്തുമ്പോള്‍ അതിനൊത്ത നല്ല സ്‌ക്രിപ്റ്റ് ആവശ്യമാണെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. ഒരുകാലത്ത് ഗംഭീര മാസ് കൊമേഷ്‌സ്യല്‍ സിനിമകള്‍ പുറത്തിറങ്ങിയ ഇന്‍ഡസ്ട്രി ഇപ്പോള്‍ പാന്‍ ഇന്ത്യനാകാന്‍ വേണ്ടി പുഷ്പ, കെ.ജി.എഫ് എന്നീ സിനിമകളെ കോപ്പിയടിച്ച് ചെയ്യുന്ന പാതിവെന്ത പ്രൊജക്ടുകളാണ് അധികവും.

നല്ലൊരു മാസ് കൊമേഷ്‌സ്യല്‍ സിനിമകള്‍ എഴുതാന്‍ കഴിവുള്ളവര്‍ ഇപ്പോള്‍ കുറവാണെന്നത് സത്യമാണ്. വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് കൊണ്ടുവരുന്ന പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോകുന്നത് അതുകൊണ്ടാണ്. പൃഥ്വി പറഞ്ഞ ആ പ്രൊജക്ട് അധികം വൈകാതെ ഓണാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

Content Highlight: Prithviraj about the dropped project of him with Mammootty and Mohanlal

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം