കൊച്ചി:സോണി പിക്‌ച്ചേഴ്‌സും പൃഥ്വിരാജ് പ്രൊഡക്ഷനും സംയുക്തമായി ചിത്രീകരിക്കുന്ന നയന്റെ കേരളത്തിലെ ചിത്രീകരണം കഴിഞ്ഞു. ഹിമാലയത്തിലാണ് രണ്ടാം ഘട്ട ചിത്രീകരണം. തന്റെ ഫേസ്ബുക്കിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കിയിലെ കുട്ടിക്കാനത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹിമാലയത്തിലേക്ക് പോകുന്നത്.

100 ഡെയ്‌സ് ഓഫ് ലൗവിന് ശേഷം സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദാണ് നയന്‍ സംവിധാനം ചെയ്യുന്നത്. ഒരു ശാസ്ത്രഞ്ജനായാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക.രണ്ട് നായികമാരുള്ള ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്.


Also Read സിനിമ അണിയറപ്രവര്‍ത്തകന്റെ ഭീഷണി;റിവ്യുകള്‍ നിര്‍ത്തുകയാണെന്ന് സുധീഷ് പയ്യന്നൂര്‍


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തന്റെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് താരം അനൗണ്‍സ് ചെയ്തത്. ഭാര്യ സുപ്രിയ മേനോനും സംരഭത്തില്‍ പങ്കാളിയാണ്. സന്തോഷ് ശിവന്‍, തമിഴ് നടന്‍ ആര്യ, നിര്‍മ്മാതാവ് ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം തുടങ്ങിയ ആഗസ്ത് സിനിമാസ് ഉപേക്ഷിച്ചാണ് പൃഥ്വി സ്വന്തം നിര്‍മ്മാണ കമ്പനി തുടങ്ങിയത്.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ജൂണ്‍മാസത്തോടെ ആരംഭിക്കും.
ഇത് സംബന്ധിച്ച് അവസാനഘട്ട ചര്‍ച്ചയും തിരക്കഥ വായനയും കഴിഞ്ഞ മാസം നടന്നിരുന്നു.