ന്യൂദല്‍ഹി: മന്ത്രിമാരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ രാജ്യത്തിന്റെ വികസനത്തെ ബാധിക്കരുതെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. പുനഃസംഘടനയ്ക്കുശേഷം ചേര്‍ന്ന സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സഹമന്ത്രിമാരുടെ കഴിവുകളും സേവനങ്ങളും കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കാബിനറ്റ് മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.[]
രാജ്യത്തിന്റെ സമഗ്രവളര്‍ച്ചയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രധാന തടസം സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുന്നതും ഉയര്‍ന്ന ധനക്കമ്മിയുമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുടെ ദോഷഫലങ്ങള്‍ ഇന്ത്യയെയും ബാധിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാഥമിക പരിഗണന നല്‍കണം. അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപത്തിനുള്ള തടസങ്ങള്‍ നീക്കണം. പരിസ്ഥിതിപ്രശ്‌നങ്ങള്‍ അടിസ്ഥാനസൗകര്യമേഖലയിലെ നിക്ഷേപത്തെ ബാധിക്കുന്നു. അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപത്തെ ബാധിക്കുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഊര്‍ജോത്പാദനത്തിലെ കുറവ് വികസനത്തിന് പ്രധാന തടസമാണ്. കൂടുതല്‍ യുവാക്കളും ഊര്‍ജസ്വലതയും ഉള്ളവര്‍ മന്ത്രിസഭയില്‍ അംഗമായ സാഹചര്യത്തില്‍ എല്ലാകാര്യങ്ങളിലും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കാണിക്കണം. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2005ല്‍ നടന്നതിനുശേഷം ഇന്നലെയാണ് സമ്പൂര്‍ണ മന്ത്രിമാരുടെ യോഗം നടന്നത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ കേരളത്തില്‍ നിന്ന് ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ള എട്ട് മന്ത്രിമാരും പങ്കെടുത്തു.