ചെന്നൈ: ഒരു വ്യക്തിയുടെ നിറം, പൊക്കം, ചുരുണ്ട മുടി തുടങ്ങിയ ശാരീരിക സവിശേഷതകള്‍ ജാതിയോ മതമോ നിര്‍ണയിക്കാനുള്ള മാനദണ്ഡമാക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ബന്ധപ്പെട്ട സമുദായത്തിലെ ആളുകളുടെ സ്വീകാര്യതയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. എം. രവികുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ഭാരത ചക്രവര്‍ത്തിയുടെ വിധി.

ഹരജിക്കാരന്റെ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അദ്ദേഹം ആദി ദ്രാവിഡ സമുദായത്തില്‍പ്പെട്ടയാളല്ലെന്നും കാട്ടി ജില്ലാതല വിജിലന്‍സ് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കി.

ഹരജിക്കാരന്റെ പിതാവ് ആദി ദ്രാവിഡ സമുദായത്തില്‍പ്പെട്ടയാളായിരുന്നുവെങ്കിലും പിന്നീട് ക്രിസ്തുമതത്തിലേക്ക് മാറുകയും തുടര്‍ന്ന് രവികുമാറും പിതാവും ആര്യസമാജം വഴി വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തുകയുമായിരുന്നു.

ചെന്നൈ ജനറല്‍ കമ്മീഷണറേറ്റില്‍ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിച്ച രവികുമാര്‍ വിരമിക്കുന്നതിന് തൊട്ടുതലേന്നാണ് ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വരുന്നത്.

എന്നാല്‍, ഹരജിക്കാരനും കുടുംബാംഗങ്ങളും വെളുത്ത നിറമുള്ളവരാണെന്നതും ഉയര്‍ന്ന പൊക്കവും ചുരുണ്ട മുടിയുമുള്ളവരാണെന്നതും ജാതി നിര്‍ണയിക്കാന്‍ ന്യായീകരണമായി ചൂണ്ടിക്കാണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

വ്യക്തിപരമായി വാദം കേള്‍ക്കാനും താന്‍ ഹൈന്ദവാചാരങ്ങളാണ് പിന്തുടരുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാനും ഹരജിക്കാരന് നാലാഴ്ചത്തെ സമയം അനുവദിച്ച കോടതി, എട്ടാഴ്ചയ്ക്കുള്ളില്‍ കേസില്‍ പുനപരിശോധന നടത്തി ഉത്തരവിറക്കാന്‍ വിജിലന്‍സ് സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

 

content Highlight: Caste and religion cannot be determined based on complexion and height: Madras High Court.