സര്‍വ്വം മായയിലെ വിജയം വെറും മായയായിരുന്നോ എന്ന് ചിന്തിക്കുന്ന തരത്തിലാണ് നിവിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളുടെയും ബോക്‌സ് ഓഫീസ് പ്രകടനം. ഈ വര്‍ഷം നിവിന്റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം ബേബി ഗേള്‍ വന്‍ പരാജയമായിരുന്നു. ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെയായിരുന്നു ബേബി ഗേള്‍ കളംവിട്ടത്.

കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ പ്രതിഛായയുടെ അവസ്ഥയിലും മാറ്റമില്ല. ആദ്യദിനം ഒന്നര കോടിക്ക് താഴെ മാത്രമാണ് ചിത്രത്തിന് നേടാനായതെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്. ഏറ്റവുമൊടുവിലത്തെ ട്രാക്കിങ് പ്രകാരം 1.19 കോടിയാണ് ആദ്യദിനത്തെ കളക്ഷന്‍. ഈയടുത്ത കാലത്ത് നിവിന്റെ ഏറ്റവും മോശം ഫസ്റ്റ് ഡേ കളക്ഷനാണിത്.

സഖാവിന് ശേഷം നിവിന്‍ നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് പ്രതിഛായ. കേരള രാഷ്ട്രീയത്തില്‍ കുറച്ചുകാലം മുമ്പ് നടന്ന സംഭവങ്ങളെയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പ്രതിഛായയില്‍ ചിത്രീകരിച്ചത്. വന്‍ താരനിരയും അതിനൊത്ത ബജറ്റിലുമൊരുക്കിയ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനം എന്താകുമെന്നതില്‍ ആദ്യദിനം തന്നെ ഏറെക്കുറെ വ്യക്തത വന്നിരിക്കുകയാണ്.

ബജറ്റ് തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആറാട്ട്, ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയ ബിഗ് ബജറ്റ് ചിത്രമാണ് പ്രതിഛായ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കൃത്യമായ പ്രൊമോഷനോ പ്രോപ്പര്‍ റിലീസ് പ്ലാനോ ഇല്ലാത്തതാണ് ചിത്രത്തിന് തിരിച്ചടിയായതെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഈദ് റിലീസായെത്തിയ ആട് 3, ധുരന്ധര്‍ 2 എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്നതിനിടയിലാണ് പ്രതിഛായയുടെ റിലീസ്. വേണ്ടത്ര സ്‌ക്രീനുകളോ കൃത്യമായ ഷോകളോ ഇല്ലാത്തതും കളക്ഷനെ സാരമായി ബാധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് സംവിധായകന്‍ ശ്രമിച്ചത്.

150 കോടി നേടി സര്‍വകാല വിജയമായ സര്‍വ്വം മായക്ക് ശേഷം വീണ്ടും പഴയ ട്രാക്കിലേക്ക് നിവിന്‍ പോയിരിക്കുകയാണ്. തന്റേതായ പ്രത്യേക ഓഡിയന്‍സിനെ തിയേറ്ററുകളിലെത്തിക്കാന്‍ സ്‌ക്രിപ്റ്റ് സെലക്ഷനില്‍ താരം ശ്രദ്ധ നല്‍കുമെന്നാണ് കരുതുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റാണ് നിവിന്റെ അടുത്ത റിലീസ്. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Prathichaya movie collected less than 1.5 crore on first day

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ