വരനെ ആവശ്യമുണ്ട് സിനിമയിലെ ‘പ്രഭാകരാ’ വിളിയെ ചൊല്ലി നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ നടക്കുന്ന അധിക്ഷേപ പ്രചരണത്തില്‍ ക്ഷമ ചോദിച്ച് തമിഴ് നടന്‍ പ്രസന്ന. തന്റെ നാട്ടില്‍ ‘എന്ന കൊടുമ ശരവണന്‍’ എന്ന് പഴയ സിനിമയിലെ പ്രസിദ്ധമായ സംഭാഷണം പോലെയാണ് ആ വിളിയെന്നും തെറ്റിദ്ധരിച്ച് നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കണമെന്നും പ്രസന്ന ആവശ്യപ്പെട്ടു.

‘മലയാളം സിനിമകള്‍ കണ്ടിട്ടിട്ടുള്ള തമിഴ്‌നാട്ടുകാരന്‍ എന്ന നിലയ്ക്ക് ഉപയോഗിച്ച പശ്ചാത്തലം ഞാന്‍ മനസ്സിലാക്കുന്നു.ദുല്‍ഖറിനോട് തെറ്റിദ്ധരിച്ചതിനും അധിക്ഷേപങ്ങള്‍ കേട്ടതിനും സത്യസന്ധമായി ഞാന്‍ ക്ഷമ ചോദിക്കുന്നു. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സുരേഷ് ഗോപി സാറിന്റെ വരി പോലെ തന്നെയാണ് ആ പേരും ഉപയോഗിച്ചിരിക്കുന്നതെന്നും ഞാന്‍ മനസ്സിലാക്കുന്നു’, പ്രസന്ന പറഞ്ഞു.

 

നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ വ്യാപക അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സുരേഷ് ഗോപിയുടെ പട്ടിക്ക് ‘പ്രഭാകരന്‍’ എന്ന് പേരിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്.

 

തമിഴ് പുലി നേതാവായ വേലുപിള്ള പ്രഭാകരന്റെ പേര് പട്ടിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ദുല്‍ഖറിനെതിരെ തെറിവിളിയുമായി ഒരു കൂട്ടം തമിഴ് പുലി ആരാധകര്‍ രംഗത്ത് എത്തിയത്.

ദുല്‍ഖറിന്റെ പിതാവായ മമ്മൂട്ടിയെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. തങ്ങളുടെ നായക്ക് ദുല്‍ഖര്‍ എന്ന് പേരിടും എന്നാണ് ചിലര്‍ പറയുന്നത്.

ഇതിനോട് പ്രതികരിച്ച് ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു. പ്രഭാകരന്‍ എന്ന പേരുമായി ബന്ധപ്പെട്ട തമാശ തമിഴ് ജനതയെ അപമാനിക്കുന്നതായി നിരവധി ആളുകള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ അത്തരത്തിലെരു പേര് ഉപയോഗിച്ചത് പട്ടണപ്രവേശം എന്ന സിനിമയില്‍ നിന്നും ഊര്‍ജം കൊണ്ടാണെന്നും ഈ പേര് മലയാളിയ്ക്ക് പരിചിതമായ തമാശയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. പ്രഭാകരന്‍ എന്ന പേര് കേരളത്തില്‍ പൊതുവേ ഉപയോഗിക്കുന്നതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

സിനിമയുടെ തുടക്കത്തില്‍ പരാമര്‍ശിക്കുന്നതുപോലെ ചിത്രത്തില്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതുമായ ആരെ കുറിച്ചും പരാമര്‍ശിക്കുന്നില്ല. സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നത്. വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

എന്നെയും സംവിധായകനെയും വിമര്‍ശിക്കുന്നത് അംഗീകരിക്കാം. പക്ഷേ ദയവായി ഞങ്ങളുടെ പിതാക്കന്മാരേയോ സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും മോശമായി ചിത്രീകരിക്കരുത്. സിനിമയില്‍ പരാമര്‍ശിച്ച പേര് വിഷമിപ്പിച്ച തമിഴ് ജനതയോട് ക്ഷമ ചോദിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു. പട്ടണപ്രവേശം സിനിമയിലെ രംഗവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.