ഞാനല്ലാതെ പിന്നാര്... മീഡിയയുടെ മുന്നില്‍ പരിഭ്രമിച്ച വിസ്മയയെ നോട്ടം കൊണ്ട് ആശ്വസിപ്പിച്ച് പ്രണവ്, ഏട്ടന്റെ കരുതലെന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
ഞാനല്ലാതെ പിന്നാര്... മീഡിയയുടെ മുന്നില്‍ പരിഭ്രമിച്ച വിസ്മയയെ നോട്ടം കൊണ്ട് ആശ്വസിപ്പിച്ച് പ്രണവ്, ഏട്ടന്റെ കരുതലെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Saturday, 8th August 2026, 7:59 pm

പ്രണവിന് പിന്നാലെ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമാലോകത്തേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു പുതുമുഖ നായികക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണ് വിസ്മയയുടേതെന്ന് പലരും അഭിപ്രായപ്പെടുന്നു.

എറണാകുളത്ത് വെച്ച് നടന്ന തുടക്കത്തിന്റെ ആദ്യ ഷോ കാണാന്‍ വിസ്മയയും കുടുംബവുമെത്തിയിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്ക് കാരണം മോഹന്‍ലാല്‍ മാത്രം ഇതില്‍ പങ്കെടുത്തില്ല. ചാനലുകള്‍ക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത പ്രണവിന്റെ സാന്നിധ്യമായിരുന്നു പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. സിനിമക്കപ്പുറം മറ്റ് മാധ്യമങ്ങളുടെ മുന്നില്‍ പ്രണവ് അധികം എത്താത്തത് പലപ്പോഴും ചര്‍ച്ചയായിരുന്നു.

സ്വന്തം അനിയത്തി ആദ്യമായി അഭിനയിച്ച സിനിമയുടെ ഫസ്റ്റ് ഷോ കാണാന്‍ പ്രണവ് എത്തിയതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം തങ്ങളുടെ മുന്നിലെത്തിയ വിസ്മയ, ആന്റണി പെരുമ്പാവൂര്‍, ആശിഷ് ആന്റണി എന്നിവരോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് താരങ്ങള്‍ മറുപടി നല്‍കുകയും ചെയ്തു.

ചിത്രത്തിന്റെ എല്ലാ പ്രൊമോഷന്‍ ഇവന്റുകളിലും സ്വല്പം ഷൈ ആയ, അധികം സംസാരിക്കാത്ത വിസ്മയ അത്രയും മീഡിയയുടെ മുന്നിലെത്തിയപ്പോള്‍ കുറച്ച് ടെന്‍ഷനാകുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായി. ടെന്‍ഷനായ വിസ്മയ തിരിഞ്ഞ് പ്രണവിനെ നോക്കുന്നതും പ്രണവ് തന്റെ സഹോദരിയെ നോട്ടം കൊണ്ട് ഓക്കെയാക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു ഏട്ടന്റെ കരുതല്‍ ഈയൊരു നോട്ടത്തിലൂടെ മനസിലാകുന്നുണ്ടെന്നാണ് പലരുടെയും കമന്റ്. വാഴ 2ലെ ‘ഞാനല്ലാതെ പിന്നെയാര്’ എന്ന ഡയലോഗും ‘തമ്മില്‍ പിണങ്ങിപ്പോകല്ലേ’ എന്ന പാട്ടുമെല്ലാം വെച്ചുകൊണ്ടുള്ള എഡിറ്റഡ് വീഡിയോകളും വൈറലായി. ചിത്താ എന്ന ചിത്രത്തിലെ ‘എന്‍ പാര്‍വൈ ഉന്നോട്’ എന്ന പാട്ടും ഈ വീഡിയോയില്‍ ഉപയോഗിക്കുന്നുണ്ട്.

തുടക്കത്തിനെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ ചാനല് പ്രണവിനോട് ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയും ശ്രദ്ധ നേടി. രണ്ട് വാക്കില്‍ എന്തെങ്കിലും പറയുമോ എന്ന് ചോദിച്ചപ്പോള്‍ ‘വെരി ഹാപ്പി’ എന്നായിരുന്നു പ്രണവിന്റെ പ്രതികരണം. തിരക്കുകള്‍ മാറ്റിവെച്ച് സഹോദരിയുടെ ആദ്യ സിനിമ കാണാനെത്തിയ പ്രണവിനെ പലരും പ്രശംസിക്കുന്നുമുണ്ട്.

Content Highlight: Pranav Mohanlal’s reaction to Vismaya  viral after Thudakkam premiere

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം