തമിഴ് സിനിമാ പ്രേമികളുടെ അഭിലാഷങ്ങളിലൊന്നാണ് ഗൗതം വാസുദേവ് മോനോന്റെ സംവിധാനത്തില്‍ വിക്രം നായകനാകുന്ന ധ്രുവനച്ചിത്തരം തിയേറ്ററുകളില്‍ ചെന്ന് കാണുക എന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അനൗണ്‍സ് ചെയ്ത ചിത്രം പല റിലീസ് ഡേറ്റുകള്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയിട്ടില്ല. ഇക്കൂട്ടത്തിലേക്കാകുമോ പ്രദീപ് രംഗനാഥന്റെ 2023 ല്‍ അനൗണ്‍സ് ചെയ്ത ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെയും യാത്രയെന്ന് പലരും ഭയന്നിരുന്നു.

വീഡിയോയില്‍ നിന്നും. Photo: Sony music

ഒരുപാട് പ്രതിസന്ധികള്‍ക്ക് ശേഷം ഏപ്രില്‍ 3 ന് റിലീസ് ഡേറ്റ് നിശ്ചയിച്ചിരുന്ന ചിത്രം അവസാന ഘട്ടത്തില്‍ വീണ്ടും മാറ്റിവെച്ചതാണ് പ്രേക്ഷകരുടെ ശങ്കകള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ ചിത്രം പുതിയ ഡേറ്റായ ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള പുതിയ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ചിത്രത്തിലെ നായകന്‍ പ്രദീപ് രംഗനാഥനെയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെയും സംവിധായകന്‍ വിഘ്‌നേശ് ശിവനെയും വീഡിയോയില്‍ കാണാന്‍ സാധിക്കും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീണ്ടുപോയതിനെ സ്വയം ട്രോളുന്ന രീതിയിലാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പ്രദീപ് രംഗനാഥനും ചിത്രത്തിന്റെ നിര്‍മാതാക്കളായ വിഘ്‌നേശ് ശിവനും നയന്‍താരയും തമ്മില്‍ പ്രതിഫലത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ചിത്രം നീണ്ടുപോകാന്‍ കാരണമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു പ്രശ്‌നമില്ലെന്ന് പറയുന്ന തരത്തിലാണ് വീഡിയോയില്‍ ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡ് അവധിയായതിനാലാണ് ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 3 ല്‍ നിന്നും മാറ്റിവെച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ പ്രദീപ് രംഗനാഥന്‍ പ്രഥിഫലം വര്‍ധിപ്പിച്ചതാണ് കാരണമെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡ്രാഗണ് ശേഷം താരത്തിന്റെതായി പുറത്തുവരാനിരുന്ന ചിത്രമായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനി. എന്നാല്‍ താരത്തിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളും നൂറുകോടി നേടിയതോടെ പ്രതിഫലം 13 കോടിയില്‍ നിന്നും 25 കോടിയായി ഉയര്‍ത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ലവ് ഇന്‍ഷുറന്‍സ് കമ്പനി. Photo: Movie Singapore/ X.com

മമിത നായികയായെത്തി ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായ ഡ്യൂഡായിരുന്നു പ്രദീപിന്റെ അവസാനമായി റിലീസായ ചിത്രം. കാത്തുവാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൃതി ഷെട്ടി നായികയായെത്തുന്ന ചിത്രത്തില്‍ എസ്.ജെ. സൂര്യയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധ് ഈണമിട്ട ഗാനങ്ങളെല്ലാം ചാര്‍ട്ട്ബസ്റ്ററായി മാറിക്കഴിഞ്ഞു.

Content Highlight: Pradeep Ranganaatha’s Love Insurance Kompant to release on April 10