ഫുട്‌ബോളില്‍ മാത്രമല്ല, സിനിമ മേഖലയിലും പുതിയ അധ്യായത്തിന് തുടക്കമിടാനൊരുങ്ങി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നടനായും നിര്‍മാതാവായും റൊണാള്‍ഡോ ഇനി ആരാധകര്‍ക്ക് മുന്നിലെത്തും.
ബ്രിട്ടീഷ് ഫുട്‌ബോളിന്റെ അടിസ്ഥാനത്തില്‍ ഡേ വണ്‍സ് എന്ന ടെലിവിഷന്‍ ഡ്രാമ സിരിസിലൂടെയാണ് റൊണാള്‍ഡോ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ഈ സീരിസില്‍ റൊണാള്‍ഡോക്ക് പുറമെ ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റിയും ഹോളിവുഡ് നടന്‍ ഡാമിയന്‍ ലൂയിസും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
റൊണാള്‍ഡോ പരസ്യങ്ങളിലൂടെയും വീഡിയോ ഗെയിമുകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ടെങ്കിലും ഒരു പരമ്പരയില്‍ അഭിനയിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.
സംവിധയകാന്‍ മാത്യു വോണും റൊണാള്‍ഡോയും ചേര്‍ന്ന് സ്ഥാപിച്ച യു ആര്‍ മാര്‍വ് സ്റ്റുഡിയോസാണ് സീരിസ് നിര്‍മിക്കുന്നത്. ഒരു ഫുട്‌ബോള്‍ താരത്തിന്റെ കഥ പറയുന്നതിന് പകരമായി മോഡേണ്‍ ഫുട്‌ബോള്‍ ലോകത്തെ ശക്തരായ ഏജന്റുമാരുടെ ജീവിതവും ഡ്രസിങ് റൂമുകളിലെ സംഭവങ്ങളുമാണ് പരമ്പരയുടെ പ്രമേയം.
കളിക്കളത്തില്‍ പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ഞെട്ടിക്കുന്ന റൊണാള്‍ഡോ ക്യാമറക്ക് മുന്നിലെത്തുമ്പോള്‍ ആരാധകര്‍ക്കും ഇതൊരു പുതിയ അനുഭവമായിരിക്കും.
അതേസമയം 2026 ഫിഫ ലോകകപ്പ് നേടി ഫുട്ബോളിനോട് വിടപറയുകയെന്ന റൊണാള്‍ഡോയുടെ സ്വപ്നം കണ്ണീരില്‍ അവസാനിച്ചിരുന്നു. റൗണ്ട് ഓഫ് 16ല്‍ സ്‌പെയ്‌നിനെതിരെ പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ വിജയം.
41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂര്‍ണമെന്റിലും ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി.
11 ഗോളുകളാണ് റൊണാള്‍ഡോ ലോകകപ്പില്‍ പറങ്കിപ്പടക്ക് വേണ്ടി നേടിയത്. സ്‌പെയ്‌നിനെതിരായ മത്സരത്തിന് മുന്നോടിയായി ഇത് തന്റെ അവസാന ലോകകപ്പാണെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നു.
ഫുട്‌ബോളില്‍ ഇതുവരെ 976 ഗോളുകളാണ് റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും പിറന്നത്. 24 ഗോളുകള്‍ കൂടി നേടിയാല്‍ 1000 ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്കും റൊണാള്‍ഡോക്ക് നടന്നുകയറാന്‍ സാധിക്കും.
Content Highlight: Portuguese legend Cristiano Ronaldo is set to start a new chapter in the film industry