കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ്.
കേസിലെ അന്വേഷണപുരോഗതി വിലയിരുത്താന്‍ കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെടുമെന്നും നോട്ടീസ് ഇന്നു തന്നെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈകൊള്ളുന്നതിനാണ് യോഗം ചേര്‍ന്നത്. ബിഷപ്പിനെതിരേ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്ന ബിഷപ്പിനെ ഏറ്റുമാനൂരില്‍വച്ചായിരിക്കും ചോദ്യംചെയ്യുകയെന്നാണ് സൂചന.
രണ്ടാംഘട്ട അന്വേഷണത്തില്‍ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നതിന്റെ വിശദാംശം നല്‍കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കന്യാസ്ത്രീയുടെ സുരക്ഷയ്ക്കായി സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ബിഷപ്പിനെതിരായ പരാതിയില്‍ പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരം തുടരുകയാണ്.
സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ ഫ്രാങ്കോ മുളയ്ക്കല്‍ ഉള്‍പ്പെടുന്ന മിഷണറീസ് ഓഫ് ജീസസ് സഭ രംഗത്തുവന്നിരുന്നു. ബിഷപ്പിനും സഭയ്ക്കുമെതിരെ ബാഹ്യശക്തികള്‍ ഗൂഢാലോചന നടത്തുകയാണെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നുമാണ് ഇവര്‍ പറഞ്ഞത്.
അതിനിടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതി പിന്‍വലിച്ചാല്‍ അഞ്ച് കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരന്‍ വെളിപ്പെടുത്തി.
ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധുവും മറ്റു രണ്ട് പുരോഹിതന്മാരും ഇക്കാര്യം പറഞ്ഞ് തന്റെ സുഹൃത്തിനെ സമീപിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞത്.
