2026 ഫിഫ ലോകകപ്പിനിടെ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ ചാവേറാക്രമണത്തിലൂടെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ ആക്രമണം നടത്തി മെസിയെ വധിക്കാന്‍ നീക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് പത്രമായ ഇന്‍ഫോര്‍മാസിയോണ്‍ ആണ് ഈ പൊലീസ് രേഖകള്‍ പുറത്തുവിട്ടത്.
ഈ ആക്രമണത്തെ സംബന്ധിച്ചുള്ള ഒരു പോസ്റ്റും പുറത്തുവന്നിട്ടുണ്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിലൂടെ താന്‍ നടക്കുമെന്നും ശരീരത്തില്‍ കെട്ടിവെച്ച നാല് ബോംബുകള്‍ ഉപയോഗിച്ചുകൊണ്ട് മെസിയെ വധിക്കുമെന്നുമുള്ള പോസ്റ്റാണ് എക്സിലൂടെ പുറത്തുവന്നത്.
ഈ പോസ്റ്റിന് പുറമെ ഡാലസ് വിമാനത്താവളത്തിലേക്ക് ഫോണ്‍ കോളിലൂടെ ഭീഷണി സന്ദേശമെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താനും മറ്റ് രണ്ട് ആളുകളും തോക്കും ബോംബുമായി സ്റ്റേഡിയത്തിലേക്ക് നീങ്ങുണ്ടെന്നും പോലീസുകാരെയും താരങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്നുമാണ് ഫോണ്‍ കോളിലൂടെ ഭീഷണിയായി അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മെസിക്ക് പുറമെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊക്കെതിരെയും സമാനമായ നീക്കം നടന്നിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടുണ്ട്.
ലോകകപ്പ് സമയങ്ങളില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ താമസ സ്ഥലത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ശ്രമങ്ങള്‍ നടന്നിരുന്നു. മയാമി, ഹൂസ്റ്റണ്‍, ടൊറന്റോ എന്നീ നഗരങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിനെല്ലാം പുറമെ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറിലെ അര്‍ജന്റീന-ഈജിപ്ത് മത്സരം നിയന്ത്രിച്ച റഫറി ഫ്രങ്കോ ലെറ്റക്സിയറിനെതിരെ ധാരാളം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടുണ്ട്. ഏകദേശം ആറായിരത്തോളം ഭീഷണി സന്ദേശങ്ങള്‍ റഫറിക്ക് നേരെ വന്നെന്നാണ് പൊലീസ് രേഖയിലുള്ളത്.
ലോകകപ്പ് പോലുള്ള ഒരു വലിയ ടൂര്‍ണമെന്റിന് ഇത്തരത്തിലുള്ള വലിയ സുരക്ഷ ഭീഷണി നേരിടേണ്ടി വന്നത് അധികൃതര്‍ വളരെ ഗൗരവത്തോടെയാണ് നോക്കികാണുന്നത്.
മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിച്ച ഇത്തവണത്തെ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റായിരുന്നു. 48 രാജ്യങ്ങളായിരുന്നു ഇത്തവണ ലോകകപ്പിന്റെ ഭാഗമായത്.